ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന് ഭാരതി എയര്‍ടെല്‍ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ അവതരിപ്പിച്ചു. ടെക്ക് കമ്പനിയായ എന്‍വിഡിയയുമായി സഹകരിച്ചാണ് ഉപഭോക്താക്കളുടെ സംസാരം തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന സ്പീച് റെക്കഗ്‌നിഷന്‍ സംവിധാനം എയര്‍ടെലിലന്റെ കോണ്ടാക്ട് സെന്റര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കിയത്.
പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കും
എയര്‍ടെലിന്റെ കോണ്ടാക്ട് സെന്ററിലേക്ക് വരുന്ന ഉപഭോക്താക്കളുടെ വിളികളുടെ 84 ശതമാനവും ഇപ്പോള്‍ ഓട്ടോമേറ്റഡ് സ്പീച് റെക്കഗ്‌നിഷന്‍ അല്‍ഗരിതത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ഉപഭോക്താക്കളുമായുള്ള ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാനും അത് പരിഹരിക്കാനും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാനും ഇതു സഹായിക്കുന്നു.
കോണ്‍ടാക്ട് സെന്ററുകളിലേക്ക് വരുന്ന വിളികളുടെ കാത്തിരിപ്പു സമയം കുറക്കാന്‍ ആവശ്യമായ നടപടികള്‍ ഈ സംവിധാനം സ്വമേധയാ പ്രവര്‍ത്തിപ്പിക്കും.
ചെലവ് കുറവ്
എന്‍വിഡിയ വികസിപ്പിച്ച എന്‍വിഡിയനെമോ എന്ന കോണ്‍വര്‍സേഷനല്‍ എഐ ടൂള്‍കിറ്റും എന്‍വിഡിയ ട്രൈടണ്‍ ഇന്റര്‍ഫേസ് സെര്‍വറും ഉപയോഗിച്ചാണ് എയര്‍ടെല്‍ ഇത് സാധ്യമാക്കിയിരിക്കുന്നത്.
എന്‍വിഡിയയുടെ ഏറ്റവും പുതിയ സോഫ്റ്റ് വെയറും എയര്‍ടെലിന്റെ ഓട്ടോമാറ്റിക് സ്പീച് റെക്കഗ്‌നിഷന്‍ മോഡലും കോളുകളുടെ ഭാഷ കൃത്യമായി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കും.
സാധാരണ നിലയില്‍ വരുന്ന ചെലവിന്റെ 30 ശതമാനം മാത്രം മതി ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍.