മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഡയറക്ട്- ടു- ഹോം (ഡിടിഎച്ച്) ഓപ്പറേറ്ററായ ടാറ്റ പ്ലേ കമ്പനിയെ ഭാരതി എയര്‍ടെല്‍ ഏറ്റെടുത്തേക്കുമെന്നു റിപ്പോര്‍ട്ട്.
ഒടിടി പ്ലാറ്റ്‌ഫോമുകളും, എഫ്ടിഎ സേവനങ്ങളം ഇന്ത്യന്‍ വിപണികള്‍ പിടിച്ചെടുക്കുന്നതിനിടെ, വളര്‍ച്ചാ പ്രശ്നങ്ങള്‍ നേരിടുന്ന ഡിജിറ്റല്‍ ടെലിവിഷന്‍ വിപണിയില്‍ സ്ഥാനം ഏകീകരിക്കാനുള്ള എയര്‍ടെല്ലിന്റെ തന്ത്രപരമായ നീക്കങ്ങള്‍ വ്യക്തമാക്കുന്നതാണ് നടപടി.
ഏറ്റെടുക്കല്‍ എയര്‍ടെല്ലിലെ ബണ്ടില്‍ഡ് സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും, അതുവഴി സംയോജനത്തിലൂടെ മൊബൈല്‍ ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും വലിയിരുത്തപ്പെടുന്നു.
7 വര്‍ഷത്തിനു ശേഷമാണ് ടാറ്റയുമായി എയര്‍ടെല്‍ വീണ്ടും ഡീലിന് ശ്രമിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 2017 -ല്‍ ടാറ്റയുടെ ഉപഭോക്തൃ മൊബിലിറ്റി ബിസിനസ് എയര്‍ടെല്‍ വാങ്ങിയിരുന്നു.
നിലവിലെ നീക്കങ്ങള്‍ ഫലം കണ്ടാല്‍ ടാറ്റ- എയര്‍ടെല്‍ ഏടിലെ പുതു അദ്ധ്യായം ആകുമിത്. കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെ നടന്നാല്‍ എയര്‍ടെല്ലിന് ഡൊമെയ്നില്‍, പ്രത്യേകിച്ച് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കാനും, അതുവഴി തന്ത്രപരമായ ലക്ഷ്യങ്ങള്‍ വര്‍ധിപ്പിക്കാനും സാധിക്കും.
ഏകദേശം 20.77 ദശലക്ഷം വരിക്കാരും, 32.7% വിപണി വിഹിതവുമുള്ള ഇന്ത്യന്‍ വമ്പനാണ് ടാറ്റ പ്ലേ. എന്നാല്‍ ഉപഭോക്തൃ മുന്‍ഗണന പാറ്റേണിലുണ്ടായ മാറ്റങ്ങള്‍ കമ്പനിയെ നഷ്ടത്തിലാക്കുന്നു.
ഉള്ളടക്കം, വിനോദ മേഖലകളില്‍ നിന്നു ഡിടിഎച്ച് സേവനങ്ങളെ വിച്ഛേദിക്കാന്‍ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ടാറ്റയുടെ ഈ നീക്കത്തെ തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് സുനില്‍ മിത്തലിന്റെ എയര്‍ടെല്‍ ശ്രമിക്കുന്നത്.
ടാറ്റ പ്ലേയെ ഏറ്റെടുക്കുന്നത് കൂടുതല്‍ പ്രീമിയം ഉപഭോക്താക്കളെ ആക്സസ് ചെയ്യാന്‍ കമ്പനിയെ പ്രാപ്തമാക്കുമെന്ന് എയര്‍ടെല്‍ കരുതുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ മികച്ച രീതിയില്‍ സേവനം വര്‍ധിപ്പിക്കുകയും, വിപണി പിടിക്കുകയും ചെയ്ത മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായുള്ള മത്സരം കടുപ്പിക്കാനും ഏറ്റെടുപ്പ് എയര്‍ടെല്ലിനെ സഹായിക്കുമെന്നു വിദഗ്ധര്‍ കരുതുന്നു.
കൂടാതെ ബ്രോഡ്ബാന്‍ഡ്, ഡിടിഎച്ച് തുടങ്ങിയ സേവനങ്ങള്‍ക്ക് മൂല്യം കൂട്ടാനും ഇതുവഴി എയര്‍ടെല്ലിസ് സാധിക്കും. ടാറ്റ പ്ലേയുടെ ഉപഭോക്താക്കള്‍ എയര്‍ടെല്ലിന്റെ ഉപഭോക്തൃ അടിത്തറയും വര്‍ധിപ്പിക്കും.
അതേസമയം സാധ്യമായ ഇടപാടിന്റെ വിശദാംശങ്ങള്‍ ഇരുവരും പൂര്‍ണമായി വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം 1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ടെമാസെക് ഹോള്‍ഡിംഗ്സിന്റെ സമീപകാല ഫണ്ടിംഗിന് സമാനമായ ഗുണിതത്തില്‍ എയര്‍ടെല്‍ ടാറ്റ പ്ലേ വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ടാറ്റ പ്ലേ ഫൈബര്‍ വഴി ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ മെച്ചപ്പെടുത്താനും എയര്‍ടെല്ലിന് കഴിയും.