എയർടെൽ 5ജി സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നു. കമ്പനി കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ ഖരഗ്പൂരിൽ 3300 മെഗാഹെഡ്സ്, 26 ജിഗാഹെഡ്സ് ബാൻഡുകളിൽ 5ജി സേവനങ്ങളുടെ വിജയകരമായ പരീക്ഷണം നടത്തിയിരുന്നു.
ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ പശ്ചിമ ബംഗാൾ സർവീസ് ഏരിയ വിഭാഗമാണ് മിനിമം റോൾഔട്ട് ബാധ്യതകൾ പരിശോധിച്ചത്. ഭാരതി എയർടെൽ എല്ലാ ബാൻഡുകളിലുമായി മൊത്തം 22027.7 മെഗാഹെഡ്സ് സ്‌പെക്‌ട്രമാണ് കൈവശം വച്ചിരിക്കുന്നത്.
ഇന്ത്യയിൽ 5G സേവനങ്ങൾ ആരംഭിച്ച ആദ്യ ടെലികോം കമ്പനിയാണ് എയർടെൽ, കഴിഞ്ഞ ഒക്ടോബർ മുതൽ രാജ്യത്തുടനീളം 5G സേവനങ്ങൾ കമ്പനി വിപുലീകരിച്ചിരുന്നു.
എയർടെൽ 5G പ്ലസ് ഇപ്പോൾ രാജ്യത്തുടനീളമുള്ള 3500-ലധികം പട്ടണങ്ങളിലും ഗ്രാമങ്ങളിലും ലഭ്യമാണ്. കൂടാതെ ദേശീയതലത്തിൽ കമ്പനിയുടെ 5G നെറ്റ്‌വർക്കിൽ ഒരു കോടിയിലധികം ഉപഭോക്താക്കൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
2023 സെപ്തംബറോടെ എല്ലാ നഗരങ്ങളിലും പ്രധാന ഗ്രാമപ്രദേശങ്ങളിലും എയർടെൽ 5G സേവനങ്ങൾ ലഭ്യമാക്കിയേക്കും. ഇന്ത്യയിൽ 5ജിയുടെ സമഗ്രമായ വ്യാപനം ലക്ഷ്യമിട്ട് കൂടുതൽ ഉപഭോക്താക്കളെ ചേർക്കുകയാണ് എയർടെൽ.
വലിയ മിഡ്-ബാൻഡ് സ്പെക്ട്രം കൈവശം വച്ചിരിക്കുന്ന ടെലികോം കമ്പനി എന്ന നിലയിലും എയർടെല്ലിന് മുൻതുക്കമുണ്ട്. 3300 മെഗാഹെഡ്സ്, 2100 മെഗാഹെഡ്സ് ബാൻഡുകൾ ഉപയോഗിച്ചാണ് എയർടെൽ നിലവിൽ 5G സേവനങ്ങൾ നൽകുന്നത്.
അടുത്തിടെ തമിഴ്‌നാട്ടിലെ 500ലധികം നഗരങ്ങളിൽ 5G പ്ലസ് സേവനങ്ങൾ എയർടെൽ ലഭ്യമാക്കിയിരുന്നു. കോയമ്പത്തൂർ, മധുരൈ, ട്രിച്ചി, തിരുപ്പുർ, ഹൊസൂർ, വെല്ലൂർ, സേലം തുടങ്ങി 460 പട്ടണങ്ങളിലും 173 ഗ്രാമങ്ങളിലും ആണ് എയർടെൽ 5ജി സേവനം നൽകുന്നത്.
സംസ്ഥാനത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, ഹൈവേകൾ, പ്രധാനപ്പെട്ട ബിസിനസ്സ് ഹബ്ബുകൾ എന്നിവിടങ്ങളിൽ എല്ലാം 5G സേവനങ്ങൾ ലഭ്യമാണ്.