
കൊച്ചി: ടിക്കറ്റ് നിരക്കിൽ വിപ്ലവകരമായ കുറവുകളോടെ രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ ടിക്കറ്റ് ബൂക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 7നാണ് സർവീസ് തുടങ്ങുക. മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആകാശ പറന്നു തുടങ്ങുന്നത്. കേരളത്തിൽ കൊച്ചിയിൽനിന്ന് പ്രതിദിന സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 13 മുതലാണ് കൊച്ചി – ബെംഗളൂരു സർവീസ് തുടങ്ങുക.
ഓഗസ്റ്റ് 7ന് രാവിലെ 10.05ന് മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്കാണ് ആകാശയുടെ ഉദ്ഘാടന സർവീസ്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ഇതേ റൂട്ടിൽ മറ്റൊരു പ്രതിദിന സർവീസ് കൂടി ആകാശ ഉദ്ഘാടന ദിനം മുതൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 13 മുതൽ കൊച്ചി–ബെംഗളൂരു, ബെംഗളൂരു–കൊച്ചി റൂട്ടുകളിൽ പ്രതിദിനം 2 സർവീസുകൾ തുടങ്ങും. ആഴ്ചയിൽ 28 സർവീസുകൾ വീതമാണ് തുടക്കത്തിൽ ഉണ്ടാവുക.
കൊച്ചി – ബെംഗളൂരു റൂട്ടിൽ 3282 രൂപയിലാണ് ടിക്കറ്റ് നിരക്ക് ആരംഭിച്ചത്. 3500 രൂപയോളമാണ് നിലവിൽ ഈ റൂട്ടിലെ ഏറ്റവും കുറഞ്ഞ നിരക്ക്. മുംബൈ – അഹമ്മദാബാദ് റൂട്ടിൽ 3948 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്. 4300 രൂപയ്ക്ക് അടുത്താണ് നിലവിൽ ഈ റൂട്ടിലെ കുറഞ്ഞ നിരക്ക്.
ബെംഗളൂരുവിൽനിന്നു രാവിലെ 7.15നു പുറപ്പെട്ട് 8.30ന് കൊച്ചിയിൽ എത്തുന്ന തരത്തിലും തിരികെ 9.05നു പുറപ്പെട്ട് 10.25ന് ബെംഗളൂരുവിൽ എത്തുന്ന തരത്തിലുമാണ് സർവീസ്. രാവിലെ 11ന് വീണ്ടും ബെംഗളൂരുവിൽ നിന്നു കൊച്ചിയിലേക്കു പറക്കുന്ന വിമാനം 12.30ന് കൊച്ചിയിലെത്തി 1.10ന് തിരികെ പറന്ന് 2.15ന് ബെംഗളൂരുവിൽ എത്തും.
ബോയിങ് 737 മാക്സ് വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. 72 വിമാനങ്ങൾക്കാണ് ആകാശ ഓർഡർ നൽകിയിരിക്കുന്നത്. ആദ്യ വിമാനം ജൂൺ 21ന് ഇന്ത്യയിൽ എത്തിയിരുന്നു. ജൂലൈ അവസാന വാരത്തോടെ ഒരു വിമാനം കൂടി എത്തും. 2 വിമാനങ്ങളുമായി സർവീസ് തുടങ്ങുന്ന ആകാശ കൂടുതൽ വിമാനങ്ങൾ ബോയിങ്ങിൽനിന്നു ലഭിക്കുന്ന മുറയ്ക്ക് സർവീസുകളുടെ എണ്ണം വർധിപ്പിക്കും.
2022-23 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 18 വിമാനങ്ങളുള്ള സ്ഥാപനമായി ആകാശ മാറുമെന്നാണ് കമ്പനി സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ വിനയ് ദുബെ പറയുന്നത്. അപ്പോഴേക്കും ജീവനക്കാരുടെ എണ്ണം ഏകദേശം 2000 ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം ഓരോ 12 മാസത്തിലും 12-14 വിമാനങ്ങളും ഉൾപ്പെടുത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ ഓർഡർ ചെയ്ത 72 വിമാനങ്ങളും ബോയിങ് ലഭ്യമാക്കുന്നതോടെ ആകാശത്തിന്റെ വലിയൊരു പങ്ക് ആകാശയുടേതുകൂടിയാകും.
ഹവായ് ചെരിപ്പിടുന്നവർക്കെല്ലാം വിമാനയാത്ര സാധ്യമാകുമെന്ന വാഗ്ദാനം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചപ്പോൾ പരമാവധി പാലിക്കാനുള്ള ശ്രമമാണ് കമ്പനി നടത്തിയത്. ഓഹരിവിപണിയിലെ വിജയകരമായ നിക്ഷേപങ്ങൾകൊണ്ട് ഇന്ത്യയുടെ വാറൻ ബഫറ്റ് എന്ന വിളിപ്പേരു നേടിയ രാകേഷ് ജുൻജുൻവാലയുടെ സാരഥ്യത്തിലാണ് ആകാശ എയർ വരുന്നത്. ഇൻഡിഗോ എയർലൈൻസിനെ രാജ്യത്തെ ചെലവുകുറഞ്ഞ എയർലൈനാക്കി മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ച മുൻ പ്രസിഡന്റ് ആദിത്യ ഘോഷിന്റെ പിന്തുണയും എയർലൈൻസിനുണ്ട്.
ഓർഡർ ചെയ്ത വിമാനങ്ങളിൽ 19 എണ്ണം 189 സീറ്റുകളുള്ള MAX-8 വിമാനങ്ങളും 53 എണ്ണം ഉയർന്ന ശേഷിയുള്ള ബോയിങ് 737 MAX-8-200 വിമാനങ്ങളും ആണ്. 900 കോടി രൂപയുടെ കരാറാണ് വിമാനങ്ങൾക്കായി ആകാശയും ബോയിങ്ങും തമ്മിൽ ഒപ്പുവച്ചിരിക്കുന്നത്. നിലവിലുള്ള ബോയിങ് വിമാനങ്ങളേക്കാൾ 14% ഇന്ധന ഉപയോഗവും കാർബൺ പുറന്തള്ളലും കുറവുള്ളതും മികച്ച കാര്യക്ഷമതയുള്ളതുമായ ഏറ്റവും പുതിയ ശ്രേണിയിലുള്ള വിമാനങ്ങളാണ് ആകാശ എയറിനുവേണ്ടി വാങ്ങിയതെന്ന് പറഞ്ഞു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് രണ്ടാഴ്ച മുൻപാണ് ആകാശ എയറിന് ലഭിച്ചത്. 2021 ഓഗസ്റ്റിലായിരുന്നു സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽനിന്ന് ആകാശ എയർ നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടിയത്. വിമാന ഇന്ധന വിലയിലെ വർധനയിലും രൂപയുടെ മൂല്യത്തകർച്ചയിലും ആകാശ ആശങ്കപ്പെടുന്നില്ലെന്നും ഏറ്റവും ഇന്ധനക്ഷമതയുള്ള വിമാനങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് ഇപ്പോഴത്തെ വിലവർധന മറികടക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.