
കോവിഡിനെ തുടര്ന്ന് കടുത്ത പ്രതിസന്ധി നേരിട്ട ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ആലിബാബയുടെ തലപ്പത്ത് അപ്രതീക്ഷിത അഴിച്ചുപണി.
ഇ-കൊമേഴ്സ് വിഭാഗം എക്സിക്യുട്ടീവ് ആയ എഡ്ഡി യോങ്മിംഗ് വു പുതിയ സി.ഇ.ഒ ആയി. ഡാനിയല് ഷാങിനെയാണ് മാറ്റിയത്. ക്ലൗഡ് ഇന്റലിജന്സ് വിഭാഗത്തിന്റെ പൂര്ണ ചുമതല ഷാങിനായിരിക്കും.
ഡിസംബര് മുതല് ഷാങ് ആലിബാബ ഗ്രൂപ്പിന്റെ സിഇഒയും ചെയര്മാനുമാണ്. ക്ലൗഡ് ഇന്റലിജന്സ് യൂണിറ്റിന്റെ തലവനായും സേവനമനുഷ്ഠിച്ച് വരികയായിരുന്നു. എക്സിക്യുട്ടീവ് വൈസ് ചെയര്മാനായ ജോസഫ് സായ് ഷാങിന്റെ പിന്ഗാമിയായി ചെയര്മാന് സ്ഥാനത്തെത്തും.
കമ്പനിയെ ആറ് ബിസിനസ് ഗ്രൂപ്പുകളായി വിഭജിക്കാനുള്ള തീരുമാനത്തെ തുടര്ന്നാണ് ഈ സ്ഥാന ചലനങ്ങള്. ഓരോ ബിസിനസ് ഗ്രൂപ്പും വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുറത്തുനിന്ന് പണം സമാഹരിക്കാനും പബ്ലിക് കമ്പനിയാക്കാനുമാണ് പദ്ധതി.
ആലിബാബയുടെ സഹസ്ഥാപകരില് ഒരാളാണ് എഡ്ഡി യോങ്മിംഗ് വു. 1999 മുതല് സാങ്കേതിക വിഭാഗം ഡയറക്ടറായി പ്രവര്ത്തിച്ചുവരികയാണ്. ആലിബാബയുടെ മറ്റൊരു സ്ഥാപകനായ ചൈനീസ് വ്യവസായ പ്രമുഖന് ജാക്ക് മായ്ക്ക് ഇപ്പോള് എന്താണ് ‘റോള്’ എന്ന് ആര്ക്കും ഒരുപിടിയുമില്ല.
ചൈനീസ് റെഗുലേറ്റര്മാരെ വിമര്ശിച്ച അദ്ദേഹം 2020നുശേഷം പൊതുവേദികളില് നിന്ന് അപ്രത്യക്ഷനായി. ഇപ്പോള് രാജ്യത്തിന് പുറത്താണ് അദ്ദേഹത്തിന്റെ പ്രധാന താവളം.
അപൂര്വമായേ ചൈനയില് അദ്ദേഹം എത്താറുള്ളൂ എന്നാണ് റിപ്പോര്ട്ടുകള്.