ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് (പിഎഫ് ) വിഹിതം അടയ്ക്കാത്തതിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്ന എഡ്‌ടെക്ക് പ്ലാറ്റ്‌ഫോം ബൈജൂസ്, ജീവനക്കാരെ ആശ്വസിപ്പിക്കാന്‍ ശ്രമം തുടങ്ങി. എല്ലാ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) കുടിശ്ശികയും തീര്‍ക്കുമെന്ന് തൊഴിലുടമകളെ പ്രതിനിധീകരിക്കുന്ന ഇപിഎഫ്ഒ ബോര്‍ഡ് അംഗം രഘുനാഥന്‍ കെഇ, ജീവനക്കാരെ ധരിപ്പിക്കുകയായിരുന്നു.
‘ബൈജൂസ് ജീവനക്കാര്‍ അവരുടെ പിഎഫിനെക്കുറിച്ച് വിഷമിേക്കണ്ടതില്ല. തങ്ങളുടെ സമ്പാദ്യം അവര്‍ക്ക് തിരികെ ലഭിക്കുന്നുണ്ടെന്ന് സാമൂഹിക സുരക്ഷാ കസ്റ്റോഡിയനായ ഇപിഎഫ്ഒ,ഉറപ്പാക്കും,’ രഘുനാഥന്‍പറഞ്ഞു. വീഴ്ച ഇപിഎഫ്ഒയുടെ ശ്രദ്ധയില്‍ പെടുമ്പോള്‍ അത് കൂടുതല്‍ പരിശോധന നടത്തുന്നു.
കമ്പനിയ്ക്ക് അവരുടെ ഭാഗം അവതരിപ്പിക്കാന്‍ ന്യായമായ സമയവും നല്‍കും. തൊഴിലുടമ അതിജീവിക്കുന്നുവെന്നും ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നില്ലെന്നും ഉറപ്പാക്കുക എന്നതാണ് ഇപിഎഫ്ഒയുടെ ഉത്തരവാദിത്തം. മാത്രമല്ല, സമ്പാദ്യം സുരക്ഷിതമാണെന്ന് അവര്‍ ഉറപ്പുവരുത്തും, രഘുനാഥന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ മിക്കവാറും എല്ലാ ജീവനക്കാര്‍ക്കും ബൈജൂസ് ശമ്പളം വൈകിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഡാറ്റ സൂചിപ്പിക്കുന്നത്
ഭൂരിഭാഗം ജീവനക്കാര്‍ക്കും ഏപ്രില്‍, മെയ് മാസങ്ങളിലെ പിഎഫ് പേയ്‌മെന്റുകള്‍ ലഭിച്ചിട്ടില്ല എന്നാണ്.തങ്ങള്‍ക്ക് അര്‍ഹമായ പ്രൊവിഡന്റ് ഫണ്ട് വിഹിതം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ് ) അക്കൗണ്ടില്‍ ബെജൂസ് അടച്ചിട്ടില്ലെന്ന് മുന്‍ജീവനക്കാരും ആരോപിച്ചു.