അദാനി ഓഹരികളുടെ തകർച്ചയിൽ രാജ്യത്തെ വൻകിട നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എൽ.ഐ.സി)ക്ക് നഷ്ടമായത് 12,000 കോടിയോളം രൂപ.
യു.എസിലെ കൈക്കൂലി-തട്ടിപ്പ് കേസിലെ കുറ്റാരോപണത്തെ തുടർന്ന് അദാനി ഓഹരികളിൽ വ്യാഴാഴ്ചയുണ്ടായ തിരിച്ചടിയിലാണ് ഇത്രയും മൂല്യമിടിവ് ഉണ്ടായത്.
250 മില്യൺ ഡോളറിന്റെ അഴിമതി ആരോപണത്തെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ 20 ശതമാനം വരെയാണ് ഇടിവ് നേരിട്ടത്.
കഴിഞ്ഞ സെപ്റ്റംബറിലെ കണക്ക് പ്രകാരം അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളിലാണ് എൽഐസിക്ക് നിക്ഷേപമുള്ളത്. അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊലൂഷൻസ്, അദാനി ടോട്ടൽ ഗ്യാസ്, എസിസി, അംബുജ സിമെന്റ്സ് എന്നിവയാണവ. ഈ കമ്പനികളിലെ മൊത്തം നിക്ഷേപ മൂല്യത്തിൽ വ്യാഴാഴ്ച ഉച്ചയോടെ 11,278 കോടി രൂപയുടെ ഇടിവാണുണ്ടായത്.
അദാനി പോർട്സിലെ നിക്ഷേപത്തിലാണ് കൂടുതൽ ഇടിവുണ്ടായത്. 5,009.88 കോടി രൂപയോളമാണ് നഷ്ടമായത്. അദാനി എന്റർപ്രൈസസിലെ നിക്ഷേപ മൂല്യത്തിൽ 3,012.91 കോടി രൂപയും അംബുജയിലെ മൂല്യത്തിൽ 1,207.83 കോടി രൂപയും അദാനി ടോട്ടൽ ഗ്യാസിൽ 807.48 കോടിയും അദാനി എനർജി സൊലൂഷൻസിൽ 716.45 കോടിയും അദാനി ഗ്രീൻ എനർജിയിൽ 592.05 കോടിയും എസിസിയുടെ നിക്ഷേപ മൂല്യത്തിൽ 381.66 കോടിയും നഷ്ടമായതായാണ് കണക്ക്.
യുഎസിന്റെ ആരോപണത്തെ തുടർന്ന് അദാനി എനർജി സൊലൂഷൻസിന്റെ ഓഹരി വില 20 ശതമാനമെന്ന ലോവർ സർക്യൂട് ഭേദിച്ച് 697 നിലവാരത്തിലെത്തി.
അദാനി എന്റർപ്രൈസസിന്റെയും അദാനി പോർട്സിന്റെയും ഓഹരി വില യഥാക്രമം 19 ശതമാനവും 15 ശതമാനവും താഴ്ന്നു. ഗ്രൂപ്പിലെ മറ്റ് ഓഹരികളുടെ വില 10 ശതമാനംവരെ ഇടിയുകയും ചെയ്തു.
വ്യാഴാഴ്ച മാത്രം അദാനി കമ്പനികളുടെ മൊത്തം വിപണി മൂല്യത്തിൽ രണ്ട് ലക്ഷം കോടി രൂപയാണ് അപ്രത്യക്ഷമായത്.