
ന്യൂഡൽഹി: വിദേശത്തെ ഇന്ത്യൻ ബാങ്കുകളിൽ വിദേശികൾക്ക് രൂപയിൽ അക്കൗണ്ട് തുറക്കാൻ അനുമതി. വിദേശനാണ്യ വിനിമയച്ചട്ടങ്ങളിൽ (ഫെമ) റിസർവ് ബാങ്ക് ഇളവുകൾ വരുത്തി.
അന്താരാഷ്‌ട്ര വ്യാപാര ഇടപാടുകളിലും നിക്ഷേപരംഗത്തും രൂപയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ഇന്ത്യൻ ബാങ്കുകളുടെ വിദേശശാഖകളിൽ വിദേശികൾക്ക് നേരിട്ട് രൂപയിൽ അക്കൗണ്ട് തുറക്കാനും ഇന്ത്യക്കാരുമായി രൂപയിൽ ഇടപാടുകൾ നടത്താനും അനുമതി നൽകി.
ആർബിഐയിൽ നിന്ന് അംഗീകൃത ഡീലർ ലൈസൻസുള്ള വിദേശത്ത് താമസിക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുന്നത്.
രൂപയുടെ അന്താരാഷ്‌ട്ര വത്കരണത്തിന്റെ ആദ്യപടിയാണ് ഇതെന്ന് വിലയിരുത്താം. പുതിയ പരിഷ്‌കാരങ്ങൾ ഇന്ത്യയുടെ വ്യാപാര-നിക്ഷേപ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനും ഡോളർ പോലുള്ള വിദേശ കറൻസികളെ ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിനും കാരണമാകും.