
ഫ്ലിപ്കാർട്ടിൽ നിക്ഷേപം നടത്താൻ ആൽഫബെറ്റ് ഗ്രൂപ്പിൻ്റെ സഹ സ്ഥാപനം ഷോർലൈൻ ഇൻ്റർനാഷണൽ ഹോൾഡിങ്സിന് കോംപറ്റീഷൻ കമ്മീഷൻ അനുമതി നൽകി.
ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആൽഫബെറ്റിന് പൂർണ ഉടമസ്ഥാവകാശമുള്ള കമ്പനിയാണ് ഷോർലൈൻ ഇൻ്റർനാഷണൽ ഹോൾഡിങ്സ്. എന്നാൽ ഗൂഗിളിൻ്റെ ഏതെങ്കിലും പ്രൊഡക്ടിലോ സേവനത്തിലോ ഉടമസ്ഥതയോ നടത്തിപ്പോ ഈ കമ്പനിക്കില്ല.
ആഗോള ഭീമൻ കമ്പനികളിലൊന്നായ വാൾമാർട്ടിൻ്റെ ഉപകമ്പനിയാണ് ഫ്ലിപ്‌കാർട്. ഇ-കോമേഴ്സ് സ്ഥാപനമായ ഈ കമ്പനി ഇന്ത്യയിൽ ഉപഭോക്താക്കളെയും വിൽപ്പനക്കാരെയും ഓൺലൈനായി ബന്ധിപ്പിക്കുന്ന കണ്ണിയാണ്.
മെയിലാണ് കമ്പനി ഒരു ബില്യൺ ഡോളർ നിക്ഷേപം സമാഹരിച്ചത്. ഇതിൽ 30 ദശലക്ഷം ഡോളർ ആൽഫബെറ്റിൻ്റെ ഗൂഗിളിൽ നിന്നായിരുന്നു.
ഫ്ലിപ്‌കാർട്ടിൻ്റെ 85 ശതമാനം ഓഹരിയും വാൾമാർട്ടിന് കീഴിലാണ്. ഈ വർഷം ആദ്യം ഫ്ലിപ്‌കാർട് നിക്ഷേപ സമാഹരണത്തിന് ശ്രമിച്ചപ്പോൾ 600 ദശലക്ഷം ഡോളറാണ് വാൾമാർട്ട് നിക്ഷേപിച്ചത്.