
ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ വിസിനെ(Wiz) 2,300 കോടി ഡോളറിന് (ഏകദേശം 1.92 ലക്ഷം കോടി രൂപ) ഏറ്റെടുക്കാനൊരുങ്ങുന്നു. ആല്‍ഫബെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്.
ഇസ്രായേല്‍ സ്റ്റാര്‍ട്ടപ്പായ ‘വിസ്’ ന്യൂയോര്‍ക്ക് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ക്ലൗഡ് ബേസ്ഡ് സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ അതിവേഗ വളര്‍ച്ച നേടുന്ന കമ്പനിയാണിത്. റിയല്‍ ടൈമായി ഭീഷണികള്‍ കണ്ടെത്തുകയും നിര്‍മിത ബുദ്ധിയുടെ (എ.ഐ) അടിസ്ഥാനത്തില്‍ പരിഹാരമാര്‍ഗങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
റെഗുലേറ്ററി പരിശോധനകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ജോബൈഡന്റെ ഭരണകാലത്തെ സുപ്രധാനമായ ഏറ്റെടുക്കൽ നീക്കമായാണ് നിരീക്ഷകർ ഇതിനെ കാണുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടെക് ഭീമന്‍മാരുടെ വമ്പന്‍ ഏറ്റെടുക്കലുകളോട് യു.എസ് എതിര്‍പ്പ് കാണിച്ചു വരികയാണ്.
2023ല്‍ വിസ് 350 മില്യണ്‍ ഡോളറിന്റെ വരുമാനമാണ് നേടിയത്. അടുത്തിടെ പ്രൈവറ്റ് ഫണ്ടിംഗ് റൗണ്ട് വഴി 100 കോടി ഡോളറിന്റെ ധനസമാഹരണം കമ്പനി നടത്തിയിരുന്നു. കമ്പനിക്ക് 1,200 കോടി ഡോളര്‍ മൂല്യം കണക്കാക്കിയായിരുന്നു ഫണ്ടിംഗ്.
മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ വമ്പന്‍ ക്ലൗഡ് സേവനദാതാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വിസിന്റെ പ്രധാന ഉപയോക്താക്കള്‍ മോര്‍ഗന്‍ സ്റ്റാന്‍ലി, ഡോക്യുസൈന്‍ തുടങ്ങിയവരാണ്.
യു.എസ്, യൂറോപ്പ്, ഏഷ്യ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ സാന്നിധ്യമുള്ള വിസിന് 900 ജീവനക്കാരുണ്ട്. ഇതുകൂടാതെ 2024ല്‍ ആഗോളതലത്തില്‍ 400 ജീവനക്കാരെ കൂട്ടിച്ചേര്‍ക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു.