
മുംബൈ: കമ്പനിയുടെ ഏകീകൃത അറ്റാദായം 2021 സെപ്റ്റംബർ പാദത്തിലെ 144.32 കോടിയിൽ നിന്ന് 39 ശതമാനം വർധിച്ച് 201.22 കോടി രൂപയായതായി അമര രാജ ബാറ്ററിസ് അറിയിച്ചു. ഫല പ്രഖ്യാപനത്തോടെ കമ്പനിയുടെ ഓഹരി 10.82 ശതമാനം ഉയർന്ന് 576.05 രൂപയിലെത്തി.
പ്രസ്തുത പാദത്തിൽ ബാറ്ററി നിർമ്മാതാവിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 19% ഉയർന്ന് 2,700.47 കോടി രൂപയായി. കൂടാതെ അസംസ്‌കൃത വസ്തുക്കളുടെ ഉയർന്ന വില, ഉയർന്ന മറ്റ് ചെലവുകൾ,ജീവനക്കാരുടെ ചെലവുകൾ, സ്റ്റോക്ക്-ഇൻ-ചെലവ് എന്നിവ കാരണം കമ്പനിയുടെ മൊത്തം ചെലവുകൾ 2.449.11 കോടി രൂപയായി വർദ്ധിച്ചു.
1 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഓഹരിക്കും 2.90 രൂപ ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു. ഓട്ടോമോട്ടീവ് മേഖലയിൽ ആഫ്റ്റർ മാർക്കറ്റ്, ഒഇഎം വിഭാഗങ്ങളിൽ നിന്നുള്ള ശക്തമായ ഡിമാൻഡിന് കമ്പനി സാക്ഷ്യം വഹിച്ചു. ഒപ്പം മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യൻ വിപണികളിൽ കയറ്റുമതി വളരെ ആരോഗ്യകരമായ വളർച്ച രേഖപ്പെടുത്തി.
മൾട്ടി-ഗിഗാവാട്ട് ലിഥിയം-അയൺ സെല്ലുകളുടെ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ സ്ഥാപനം രൂപീകരിച്ചതായി കമ്പനി പ്രഖ്യാപിച്ചു.
ഇന്ത്യൻ ബാറ്ററി വ്യവസായത്തിലെ വ്യാവസായിക, ഓട്ടോമോട്ടീവ് ആപ്ലിക്കേഷനുകൾക്കായി ഉള്ള ഊർജ്ജ സംഭരണ ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ നിർമ്മാതാക്കളിൽ ഒരാളാണ് അമര രാജ ബാറ്ററിസ്. കമ്പനിയുടെ വ്യാവസായിക ബാറ്ററി ബ്രാൻഡുകളിൽ പവർസ്റ്റാക്ക്, ആമറോൺവോൾട്, ക്വാണ്ട എന്നിവ ഉൾപ്പെടുന്നു.