ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഉള്‍പ്പെടെയുള്ള വലിയ ഇ- കൊമേഴ്‌സ് കമ്പനികള്‍ ഉടന്‍ തന്നെ ഒ എന്‍ ഡി സിയുമായി കൈകോര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഡി പി ഐ ഐ ടി സെക്രട്ടറി അനുരാഗ് ജെയിന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ കൊമേഴ്സിനായുള്ള ഒ എന്‍ ഡി സി ഇ-കൊമേഴ്സ് ഇടത്തെ ജനാധിപത്യവല്‍ക്കരിക്കും. ഇത് ചെറുകിട ബിസിനസുകള്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും നേട്ടം കൊയ്യാന്‍ വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ ഒ എന്‍ ഡി സി നെറ്റ്‌വർക്ക് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുമ്പ് ഇതിനായി നിശ്ചിത എണ്ണം ആളുകളെ ആവശ്യമാണെന്നും കൂടാതെ മറ്റ് ചില മുന്നൊരുക്കങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത 4-8 ആഴ്ചകള്‍ക്കുള്ളില്‍ ഫാഷന്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ്, ബ്യൂട്ടി, പേഴ്സണല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ പുതിയ വിഭാഗങ്ങള്‍ ഒ എന്‍ ഡി സി നെറ്റ്‌വർക്കിൽ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നെറ്റ്‌വർക്കിലെ സെറ്റില്‍മെന്റുകളുടെ കാര്യക്ഷമത കൂടുതല്‍ വര്‍ദ്ധിപ്പിക്കും. ഇതിനായി ഡിജിറ്റല്‍ കരാറുകളിലും സേവന തലത്തിലുള്ള കരാറുകളിലും നിര്‍വചിച്ചിരിക്കുന്ന സമയപരിധിക്കുള്ളില്‍ ഇടപാടുകള്‍ കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ചട്ടക്കൂട് തങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ജനുവരിയോടെ ഈ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒ എന്‍ ഡി സി അറിയിച്ചു.
അതേസമയം ഒരു വര്‍ഷത്തിനുള്ളില്‍ നെറ്റ്‌വര്‍ക്കിലെ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ തുടങ്ങുമെന്ന് ഒ എന്‍ ഡി സി സിഇഒ ടി കോശി പറഞ്ഞു. ഫീസിന്റെ തുക അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
അഞ്ച് സെല്ലര്‍ പ്ലാറ്റ്ഫോം, ഒരു ബയര്‍ പ്ലാറ്റ്ഫോം, ഒരു ലോജിസ്റ്റിക് പ്ലാറ്റ്ഫോം എന്നിങ്ങനെയാണ് ഓപ്പണ്‍ പ്ലാറ്റ്ഫോം ആരംഭിച്ചതെന്ന് ടി കോശി പറഞ്ഞു. ഇപ്പോള്‍ തങ്ങള്‍ക്ക് 18 സെല്ലര്‍ പ്ലാറ്റ്ഫോം, അഞ്ച് ബയര്‍ പ്ലാറ്റ്ഫോം, മൂന്ന് ലോജിസ്റ്റിക് പ്ലാറ്റ്ഫോം എന്നിവയുണ്ടെന്നും അടുത്ത 26 പ്ലാറ്റ്ഫോമുകള്‍ ഉടന്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിലില്‍ അഞ്ച് നഗരങ്ങളിലായി ആരംഭിച്ച ഒ എന്‍ ഡി സി ഇപ്പോള്‍ 85 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.