മുംബൈ: ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോൺ, ഇന്ത്യയിലെ 500 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക അനിശ്ചിതത്വം കാരണം 9000 ത്തോളം ജീവനക്കാരെ പ്രിരിച്ചുവിടുമെന്ന് മാർച്ചിൽ സിഇഒ ആൻഡി ജാസി പ്രഖ്യാപിച്ചിരുന്നു.
അതിന്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്നും ജീവനക്കാർ പുറത്തായത് എന്നാണ് റിപ്പോർട്ട്.
ആമസോൺ വെബ് സേവനങ്ങൾ, പരസ്യവിഭാഗം, തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടൽ നടപടി കൂടുതലായും ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിൽ നിന്ന് പ്രവർത്തിക്കുന്ന ആമസോണിന്റെ ഗ്ലോബൽ ടീമുകളുടെ ഭാഗമായുള്ളവർ ആണ് പുറത്തായതെന്നും റിപ്പോർട്ടുണ്ട്.
മെറ്റാ, ഗൂഗിൾ എന്നിവയുൾപ്പെടെ നിരവധി ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നുന്നുണ്ട്. ലോകമെമ്പാടുമുള്ള ടെക് ഓഹരികൾ ഇടിഞ്ഞതിനെ തുടർന്ന് ഏകദേശം 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ജനുവരിയിൽ കമ്പനി ആദ്യം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ കമ്പനി ഗണ്യമായ തോതിൽ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും, നിലവിൽ സാമ്പത്തിക മാന്ദ്യം കാരണമാണ് ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുന്നതെന്നും, നടപടി ബുദ്ധിമുട്ടുള്ളതാണെങ്കിലും കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് പിരിച്ചുവിടൽ നടപടി അനിവാര്യമാണെന്നും സിഇഒ ആൻഡി ജാസി അറിയിച്ചു.
ജനുവരിയിൽ 18,000 ജീവനക്കാരെ ആമസോൺപിരിച്ചുവിട്ടിരുന്നു. നിലവിൽ 9000 ജീവനക്കാരെക്കൂടെ പിരിച്ചുവിടുന്നതോടെ മൂന്ന് മാസത്തിനിടയിൽ 27000 പേരെയാണ് കമ്പനി പിരിച്ചുവിടുന്നത്.
ആമസോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിതെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ ആറ് ശതമാനത്തോളം വരുന്ന ജീവനക്കാരെയാണ് നേരത്തെ പിരിച്ചുവിട്ടത്.
വെയർഹൗസ് സ്റ്റാഫ് ഉൾപ്പെടെ 1.5 ദശലക്ഷത്തിലധികം തൊഴിലാളികളാണ് ആമസോണിലുള്ളത്. 2023ന്റെ തുടക്കത്തിൽ കമ്പനിയിൽ കൂടുതൽ പിരിച്ചുവിടൽ ഉണ്ടാകുമെന്ന് ആമസോൺ സിഇഒ ആൻഡി ജാസി നേരത്തെ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.