ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിൽ ആദ്യ രണ്ട് ദിവസത്തിനുള്ളിൽ ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ വർഷത്തെ 9 കോടിയിൽ നിന്ന് 11 കോടിയായി ഉയർന്നു. 8000ത്തിലധികം കച്ചവടക്കാര്‍ ഒരു ലക്ഷത്തിലധികം രൂപയുടെ വില്‍പ്പനയും നേടിയതായി ആമസോണ്‍ ഇന്ത്യ ആന്‍ഡ് എമര്‍ജിങ് മാര്‍ക്കറ്റ്സ് ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു.
ആദ്യ 48 മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് 240 കോടി രൂപയുടെ ലാഭം നേടാനുമായതായി അദ്ദേഹം കൂട്ടിചേർത്തു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് സ്മാര്‍ട്ട്ഫോണുകള്‍, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയാണ്.
മുൻനിര ആഭരണശാലകളുമായി സഹകരിച്ച് സ്വർണാഭരണങ്ങളും ഇ ഗോൾഡും ആമസോൺ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് 65 ശതമാനം ഓര്‍ഡറുകളും ലഭിച്ചത്.
ആദ്യ കാലങ്ങളിൽ മെട്രോ നഗരങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന പ്രീമിയം ഫോണുകൾ പോലുള്ളവയുടെ വിൽപ്പന ചെറു പട്ടണങ്ങളിലേയ്ക്ക് വ്യാപിക്കുകയാണെന്ന പ്രത്യേകതയുമുണ്ട്.
കേരളത്തിൽ നിന്നുള്ള ഉപഭോക്താക്കൾക്കൊപ്പം വിൽപ്പനക്കാരും ആമസോണിന്റെ കയറ്റുമതിക്കാരും വിപുലമാകുകയാണെന്ന് കിഷോർ അറിയിച്ചു. ഇന്ത്യന്‍ ഇ-കൊമേഴ്സ് രംഗത്ത് പ്രാദേശിക വിപണികള്‍ക്ക് പ്രാധാന്യമേറി വരുന്നതാണ് ഇത് കാണിക്കുന്നതെന്ന് അദേഹം പറഞ്ഞു.
ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനു മുന്നോടിയായി ആമസോണ്‍ ഇന്ത്യയില്‍ എഐ ഷോപ്പിങ് സഹായിയായ റൂഫസിനെ അവതരിപ്പിച്ചത് വ്യക്തിഗത ഷോപ്പിങ് അനുഭവം നല്‍കുന്നതിന് സഹായകമായെന്ന് കിഷോർ വ്യക്തമാക്കി.
ആമസോണിന്‍റെ ഉല്‍പ്പന്ന കാറ്റലോഗിലും വെബിലുടനീളവുമുള്ള വിവരങ്ങളിലും പരിശീലനം നേടിയ ഒരു വിദഗ്ധ ഷോപ്പിങ് സഹായിയാണ് റൂഫസ്. ഷോപ്പിങ് ആവശ്യങ്ങള്‍, ഉല്‍പ്പന്നങ്ങള്‍, താരതമ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ശുപാര്‍ശകള്‍ നല്‍കാനും ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും റൂഫസ് സഹായിക്കും.
നിലവില്‍ മലയാളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഭാഷകളിലുണ്ട്. ആയിരക്കണക്കിന് ഉപഭോക്തൃ അവലോകനങ്ങളെ അടിസ്ഥാനമാക്കി ഉല്‍പ്പന്ന സവിശേഷതകളും ഉപഭോക്തൃ പ്രതികരണവും ഉൾപ്പെടുന്ന ചെറിയ കുറിപ്പ് സൂചനയായി നല്‍കുന്ന എഐ അധിഷ്ഠിത റിവ്യൂ പോലുള്ള ജെന്‍ എഐ ഉല്‍പ്പന്നങ്ങളും ആമസോണ്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഇതിനു പുറമേ ഫാഷന്‍, സൗന്ദര്യ-വ്യക്തിഗത പരിചരണ ഉപകരണങ്ങള്‍, വീട്, അടുക്കള, കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയ പ്രധാന വിഭാഗങ്ങളില്‍ ആമസോണ്‍ ഇന്‍ഫ്ളുവന്‍സര്‍ ഇടപഴകുന്നുമുണ്ട്.