
മുംബൈ: ആമസോൺ വെബ് സർവീസസ് മുംബൈയ്ക്ക് സമീപം താനെ ജില്ലയിൽ 60 ഏക്കർ ഭൂമി 1,800 കോടി രൂപയ്ക്ക് ഏറ്റെടുത്തതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. കൽപ്പതരുവിന്റെ ഒരു വിഭാഗമായ അനന്ത ലാൻഡ്‌മാർക്‌സിൽ നിന്നാണ് കമ്പനി ഈ ഭൂമി ഏറ്റെടുത്തത്.
താനെ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഭൂമിയിൽ ഒരു ഡാറ്റാ സെന്റർ സൗകര്യം സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. കൂടാതെ ആമസോൺ ഡാറ്റാ സർവീസസ് ഇന്ത്യ, ഈ വർഷം ഓഗസ്റ്റിൽ മുംബൈയിലെ പൊവായ് ഏരിയയിൽ 5.5 ഏക്കർ ഭൂമി ലാർസൻ ആൻഡ് ടൂബ്രോയിൽ നിന്ന് ദീർഘകാല പാട്ടത്തിന് എടുത്തിരുന്നു. 29 വർഷത്തേക്കാണ് പാട്ടം.
അതേസമയം ഇന്ത്യയുടെ ഡാറ്റാ സെന്റർ മാർക്കറ്റ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 14 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിന് സാക്ഷ്യം വഹിച്ചു. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഡിജിറ്റൈസേഷൻ, പേയ്‌മെന്റുകൾ, ഗെയിമിംഗ് അല്ലെങ്കിൽ മെറ്റാവേർസ് പോലുള്ള വരാനിരിക്കുന്ന ട്രെൻഡുകളുടെ ആവശ്യങ്ങൾക്ക് പോലും ഡാറ്റാ സെന്ററുകൾ കൂടുതൽ നിർണായകമാവുകയാണ്.
ആമസോണിന്റെ ഒരു അനുബന്ധ സ്ഥാപനമാണ് ആമസോൺ വെബ് സർവീസസ്. ഇത് വ്യക്തികൾ, കമ്പനികൾ, ഗവൺമെന്റുകൾ എന്നിവയ്ക്ക് ഓൺ-ഡിമാൻഡ് ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമുകളും എപിഐകളും നൽകുന്നു.