
മുംബൈ: ഗൗതം അദാനിയെയും മറ്റുള്ളവരെയും കമ്പനിയുടെ ബോർഡിൽ നിയമിക്കുന്നതിന് ഓഹരി ഉടമകളുടെ അനുമതി തേടാൻ ഒരുങ്ങി അംബുജ സിമന്റ്‌സ്. ഇതിനായി കമ്പനി ഒക്‌ടോബർ 8 ന് ഓഹരി ഉടമകളുടെ അസാധാരണ പൊതുയോഗം വിളിച്ചതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് ഈക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിയമനത്തിന് പുറമെ അദാനി ഗ്രൂപ്പിന്റെ ഹാർമോണിയ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന് 47.74 കോടി വാറന്റുകളുടെ പ്രിഫറൻഷ്യൽ അലോട്ട്‌മെന്റ് അനുവദിക്കുന്നതിന് അസാധാരണ പൊതുയോഗത്തിൽ അംബുജ സിമന്റ്‌സ് ഓഹരി ഉടമകളുടെ അനുമതി തേടും.
എസിസി ലിമിറ്റഡിൽ 50.05% ഓഹരിയുള്ള അംബുജ സിമന്റ്‌സ്, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ നിയമനത്തിന് അംഗീകാരം തേടുന്നതുൾപ്പെടെയുള്ള 12 പ്രമേയങ്ങളോടെ ഷെയർഹോൾഡർമാരുടെ ഒരു ഇജിഎം 2022 ഒക്ടോബർ 8 ശനിയാഴ്ച നടത്താൻ തീരുമാനിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അദാനിക്ക് പുറമെ മകൻ കരൺ അദാനിയും രണ്ട് ഡയറക്ടർമാരും നാല് സ്വതന്ത്ര ഡയറക്ടർമാരും ബോർഡിലുണ്ടാകും.
വെള്ളിയാഴ്ച അദാനി ഗ്രൂപ്പ് അംബുജ സിമന്റ്‌സ്, എസിസി എന്നിവയെ ഏറ്റെടുക്കുന്നത് പൂർത്തിയാക്കിയതായി അറിയിച്ചിരുന്നു. തുടർന്ന് ഗ്രൂപ്പ് അതിന്റെ സ്ഥാപക ചെയർമാൻ ഗൗതം അദാനിയെ അംബുജ സിമന്റ്‌സിന്റെ തലവനായി തിരഞ്ഞെടുത്തു. അതേസമയം, ഏറ്റെടുക്കലിന് പിന്നാലെ സിമന്റ് കമ്പനികളായ എസിസിയും അംബുജ സിമന്റ്‌സും അവരുടെ സിഇഒമാരും സിഎഫ്‌ഒമാരും ഉൾപ്പെടെയുള്ള ഡയറക്ടർ ബോർഡ് രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.