യുഎസ് ചിപ്പ് നിര്മാതാക്കളായ അഡ്വാന്സ്ഡ് മൈക്രോ ഡിവൈസ് (എഎംഡി) ഇന്ത്യയില് നിക്ഷേപത്തിനൊരുങ്ങുന്നു. അടുത്ത അഞ്ച് വര്ഷം കൊണ്ട് ഇന്ത്യയില് 3290 കോടിയുടെ നിക്ഷേപം നടത്തുമെന്ന് കമ്പനി വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
ബെംഗളുരുവില് കമ്പനിയുടെ ഏറ്റവും വലിയ ഡിസൈന് ഹബ്ബ് സ്ഥാപിക്കുമെന്നാണ് എഎംഡിയുടെ പ്രഖ്യാപനം.
ഗുജറാത്തില് വെള്ളിയാഴ്ച ആരംഭിച്ച വാര്ഷിക സെമികണ്ടക്ടര് കോണ്ഫറന്സായ ‘സെമികോൺ 2023’ യിൽ വെച്ചാണ് എഎംഡി ചീഫ് ടെക്നോളജി ഓഫീസര് മാര്ക്ക് പേപ്പര്മാസ്റ്റര് ഈ പ്രഖ്യാപനം നടത്തിയത്. ഫോക്സ്കോണ് ചെയര്മാന് യങ് ലിയു, മൈക്രോണ് സിഇഒ സഞ്ജയ് മെഹ്രോത്ര തുടങ്ങിയവര് പരിപാടിയില് പങ്കെടുക്കുന്നുണ്ട്.
സെമികണ്ടക്ടര് രംഗത്ത് രാജ്യത്ത് നിക്ഷേപങ്ങള് ക്ഷണിക്കുകയാണ് ഇന്ത്യ. കമ്പനികള്ക്ക് ഇതിനായി വിവിധ ആനുകൂല്യങ്ങളും സര്ക്കാര് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനകം നിരവധി കമ്പനികള് ഇന്ത്യയില് നിക്ഷേപത്തിന് തയ്യാറായിട്ടുണ്ട്.
3000 എഞ്ചിനീയറിങ് അവസരങ്ങള് ബെംഗളുരുവിലെ എഎംഡി ഡിസൈന് സെന്ററില് സൃഷ്ടിക്കപ്പെടുമെന്ന് കമ്പനി പറഞ്ഞു. അഞ്ച് ലക്ഷം ചതുരശ്ര അടിയില് സ്ഥാപിക്കപ്പെടുന്ന എഎംഡിയുടെ കാമ്പസ് കമ്പനിയുടെ ഇന്ത്യയിലെ പത്താമത്തെ ഓഫീസായി മാറും. ഇതിനകം 6500 ജീവനക്കാര് എഎംഡിക്ക് ഇന്ത്യയിലുണ്ട്.
പേഴ്സണല് കംപ്യൂട്ടറുകള് മുതല് ഡാറ്റാ സെന്ററുകള് വരെ എഎംഡി ചിപ്പുകള് ഉപയോഗിക്കുന്നുണ്ട്. എന്വിഡിയ കോര്പ്പിനെ നേരിടാന് ഒരു എഐ ചിപ്പ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കാലിഫോര്ണിയ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന കമ്പനി.