
ന്യൂയോർക്ക്: പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റശേഷം സ്വര്‍ണ്ണശേഖരം വര്‍ദ്ധിപ്പിച്ച് അമേരിക്ക. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന അമേരിക്കയുടെ സ്വര്‍ണം വന്‍തോതില്‍ ന്യൂയോര്‍ക്കിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂയോര്‍ക്ക് കമോഡിറ്റി എക്സ്ചേഞ്ചിന്‍റെ നിലവിലെ സ്വര്‍ണ്ണ ശേഖരം 106 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. നവംബര്‍ 5ന് യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഇത് വെറും 50 ബില്യണ്‍ ഡോളര്‍ ആയിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ജെപി മോര്‍ഗന്‍, എച്ച്എസ്ബിസി തുടങ്ങിയ യുഎസ് ബാങ്കുകള്‍ ലണ്ടനില്‍ നിന്ന് 8000 സ്വര്‍ണ ബാറുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ മൊത്തം സ്റ്റോക്കിന്‍റെ ഏകദേശം രണ്ട് ശതമാനമാണ്. ലണ്ടനിലെ ത്രെഡ് നീഡില്‍ സ്ട്രീറ്റിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്വര്‍ണം സൂക്ഷിക്കുന്നത്. ലണ്ടനില്‍ നിന്ന് വിമാനത്തില്‍ അമേരിക്കയിലേക്ക് സ്വര്‍ണം കൊണ്ടുപോകുന്നത് വര്‍ധിച്ചതോടെ , ഇടപാടുകളില്‍ കാലതാമസം നേടിരുന്നുണ്ട്.
എന്തിനാണ് സ്വര്‍ണം അമേരിക്കയിലേക്ക് മാറ്റുന്നത് ?
അധികം വൈകാതെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ ട്രംപ് സ്വര്‍ണ്ണ ഇറക്കുമതിക്ക് കനത്ത തീരുവ ചുമത്തിയേക്കുമെന്ന് യുഎസ് ബാങ്കുകള്‍ ഭയക്കുന്നുണ്ട്. അതിനു മുന്‍പ് തന്നെ ലണ്ടനില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണം ന്യൂയോര്‍ക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി.
ട്രംപ് ഉയര്‍ത്തുന്ന താരിഫ് ഭീഷണി കാരണം ഡിസംബര്‍ മുതല്‍ ലണ്ടനില്‍ സ്വര്‍ണ്ണവില 20 ഡോളര്‍ വരെ കുറഞ്ഞു എന്നാല്‍ അമേരിക്കയില്‍ സ്വര്‍ണ്ണത്തിന്‍റെ ഡിമാന്‍ഡ് അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് അതിനാല്‍ അവിടെ സ്വര്‍ണത്തിന്‍റെ വില ഉയരുകയും ചെയ്തു.
അമേരിക്കയില്‍ സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡ് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് സ്വര്‍ണ്ണം അമേരിക്കയിലേക്ക് മാറ്റുന്നത്.
ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്‍റെ എന്ത് സംഭവിക്കും?
ഇന്ത്യയിലും സ്വര്‍ണത്തിനുള്ള ഡിമാന്‍റില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് വില ഉയരുമ്പോഴും ഇന്ത്യയില്‍ സ്വര്‍ണം വന്‍തോതില്‍ വില്‍പന നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
സര്‍ക്കാറിന്‍റെ കണക്കുകള്‍ പ്രകാരം 2025 ജനുവരിയില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതിയില്‍ 40% വര്‍ധനയാണ് ഉണ്ടായത് . കഴിഞ്ഞമാസം രാജ്യത്തിലേക്കുള്ള സ്വര്‍ണ ഇറക്കുമതി 2.6 8 ബില്യണ്‍ ഡോളറായി.