കമ്പനികളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സ്കീമുകൾ സർവസാധാരണമാണ്. ലിസ്റ്റഡ് കമ്പനികൾക്കത് നിയമപരമായ ബാധ്യതയുമാണ്. ചില സംരംഭകർ അതിനെ തങ്ങളുടെ ബാധ്യതയായി കരുതി ഏറ്റെടുക്കുന്നു. അങ്കമാലി സ്വദേശി ഡോ. വർഗീസ് മൂലൻ തൻ്റെ സംരംഭക യാത്രയിൽ ഉടനീളം ഈ കരുതൽ കൂടെക്കൊണ്ട് നടക്കുന്നയാളാണ്.
സിഎസ്ആർ എന്നോ ലാഭവിഹിതമെന്നോ അതിനെ ചുരുക്കി കാണരുത്. ഏത് നേട്ടവും, വിജയവും അദ്ദേഹം പങ്കുവയ്ക്കുന്നു. ആഘോഷങ്ങൾ എന്നും ഈ നന്മ ചേർത്തു വച്ചു കൊണ്ടായിരുന്നു. മകൻ്റെ വിവാഹം, മകളുടെ വിവാഹം ഒക്കെ. ഇപ്പോഴിതാ താൻ നിർമിച്ച റോക്കട്രി എന്ന സിനിമയുടെ വിജയം അദ്ദേഹം ആഘോഷിക്കുന്നത് 60 കുരുന്നുകൾക്ക് ഹൃദയതാളം നൽകിക്കൊണ്ടാണ്. പദ്ധതിയുടെ പേര് ഹൃദയസ്പർശം. ഈ പദ്ധതി വഴി ഇതു വരെ 201 കുഞ്ഞുങ്ങൾ ജീവിതത്തിലേക്ക് മടങ്ങിവന്നു. എല്ലാവരും ആരോഗ്യത്തോടെയിരിക്കുന്നു എന്നതാണ് ഏറ്റവും ആഹ്ലാദകരം. ഇതിന് പുറമെ
ഹോം – സ്വീറ്റ് – ഹോം പദ്ധതി വഴി ഒന്നര ഡസണിലേറെ വീടുകൾ, കിൻഡിൽ – എ- കാൻഡിൽ പദ്ധതിയിലൂടെ നിരവധി നിർധന യുവതികൾക്ക് വിവാഹ സഹായവും, കിഡ്നി ട്രാൻസ്പ്ലാൻ്റേഷനും, ഫ്ലൈ – എ- ഫയർഫ്ലൈ വഴി വിദ്യാഭ്യാസ സ്ക്കോളർഷിപ്പ് എന്നിവ നൽകുന്നു.
സ്പൈസ്, ഫുഡ്, റീട്ടെയിൽ രംഗങ്ങളിൽ പ്രമുഖരായ മൂലൻസ് ഗ്രൂപ്പിൻ്റെ ചലച്ചിത്ര രംഗത്തെ ശ്രദ്ധേയ ചുവടുവയ്പാണ് റോക്കട്രി. ഏറെ രാഷ്ട്രിയ കോലാഹലങ്ങളുണ്ടാക്കിയ ഐഎസ്ആർഒ ചാരക്കഥയുടെ പുനരാഖ്യാനമാണ് ചിത്രം. കോവിഡ് പ്രതിസന്ധികൾക്കിടയിലും നിരവധി ഭാഷകളിലിറങ്ങിയ ചിത്രം ബോക്സ് ഓഫിസിൽ നിറഞ്ഞോടി. ചിത്രം നേടിയ അപൂർവ വിജയം ആഘോഷിക്കാനാണ് ഹൃദയസ്പർശം പദ്ധതി അടുത്ത ഘട്ടം പ്രഖ്യാപിച്ചത്. ഇത്തരം സാമൂഹ്യ സേവന പദ്ധതികൾ ഫലപ്രദമായി സംഘടിപ്പിക്കാൻ മികച്ച സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തവും അവർ ഉണ്ടാക്കുന്നു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയറുമായുള്ള പങ്കാളിത്തം അത്തരത്തിലൊന്നാണ്.
റോക്കട്രിയുടെ നിർമാണം, വിതരണം, വിപണനം എന്നിവ ഏകോപിപ്പിച്ചത് ഡോ. വർഗീസ് മൂലൻ്റെ മകൻ വിജയ് മൂലൻ ആണ്. മുലൻസ് ഗ്രൂപ്പ് ഡയറക്ടറാണ് വിജയ്. ഗ്രൂപ്പിൻ്റെ വിപുലീകരണ, വികസന, സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് വിജയ് നേതൃത്വം നൽകുന്നു.