അഭിലാഷ് എസ് നായർ
(ഫിനാൻസ്, അക്കൗണ്ടിംഗ് & കൺട്രോൾ വിഭാഗം പ്രൊഫസർ, ഐഐഎം കോഴിക്കോട്)
ലോകം ആഗോളവത്കരണത്തിൽ നിന്ന് തിരിച്ചുപോക്കിന് ഒരുങ്ങുകയും രാജ്യാന്തര വ്യാപാരം ഒരു ജിയോപോളിറ്റിക്കൽ ടൂൾ എന്ന നിലയിൽ ഉപയോഗിക്കപ്പെടും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, ദീർഘകാല മത്സരക്ഷമത നിലനിർത്തിക്കൊണ്ട് സ്വാശ്രയത്വം വളർത്തുന്നതിന് ഊന്നൽ നൽകുന്ന തരത്തിലാണ് ഈ ബജറ്റിലെ നയ പ്രഖ്യാപനങ്ങൾ. നാഷണൽ മാനുഫാക്ചറിംഗ് മിഷൻ്റെ സ്ഥാപനം, ഗിഗ് മേഖലയിലെ തൊഴിലാളികൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ് വിപുലീകരണം, അടിസ്ഥാന സൗകര്യ രംഗത്തെ പരിമിതികൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ എന്നിവയൊക്കെ ഈ ലക്ഷ്യത്തിലേക്കുള്ള പടിപടിയായ ചുവടുവയ്പുകളായി വിലയിരുത്താം.
അതേസമയം, രാജ്യത്ത് വളർന്നു വരുന്ന വ്യവസായ മേഖലയ്ക്ക് ആവശ്യാനുസൃതം താങ്ങാവുന്ന വിലയിൽ സുസ്ഥിരമായ വൈദ്യുതി വിതരണം ഉറപ്പാക്കാൻ മികച്ച നയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ആണവോർജ്ജ മേഖലയ്ക്കായി വലിയ നിക്ഷേപം മാറ്റിവച്ചിട്ടുള്ളത് ഒഴിച്ചാൽ ഈ രംഗത്തെ വെല്ലുവിളികൾ ഫലപ്രദമായി പരിഹരിക്കുന്നതിനുള്ള കാര്യമായ നയ നടപടികൾ ബജറ്റിൽ ഇല്ലെന്ന് തന്നെ പറയാം. രാജ്യത്തെ ഊർജ മേഖലയുടെ കാര്യക്ഷമത വൻതോതിൽ വർധിപ്പിക്കാൻ ഉതകുന്ന, നയ തലത്തിലുള്ള ഇടപെടലുകൾ ആണുണ്ടാവേണ്ടത്. ഒപ്പം ഉയർന്ന കൊമേഴ്‌സ്യൽ താരിഫുകൾ വഴി ഗാർഹിക, ചെറുകിട മേഖലയിലെ നഷ്ടങ്ങൾ നികത്തുന്ന രീതികൾക്കും പരിഹാരം ഉണ്ടാകണം.
ഉയർന്ന നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത രാജ്യത്തിന്റെ മത്സരക്ഷമത നിർണയിക്കുന്നതിൽ നിർണായക ഘടകമാണ്. ഇക്കാര്യത്തിൽ ഒരു സമ്മിശ്ര ഫലമാണ് ബജറ്റ് മുന്നോട്ടു വയ്ക്കുന്നത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ നിക്ഷേപിക്കുന്ന സോവറിൻ വെൽത്ത് ഫണ്ടുകൾക്കുള്ള നികുതി ഇളവുകൾ 2030 വരെ നീട്ടിയത് നല്ല നടപടിയാണെങ്കിലും, മൊത്തത്തിലുള്ള മൂലധന ചെലവ് വിഹിതം കുറച്ചു.അതുകൊണ്ട് തന്നെ, വ്യാവസായ മേഖലയുടെ മത്സരക്ഷമത ഗണ്യമായി വർദ്ധിപ്പിക്കുകയെന്ന വിശാല ലക്ഷ്യം ഭാഗികമായി മാത്രമേ സാക്ഷാത്കരിക്കപ്പെടുന്നുള്ളൂ. മാത്രമല്ല, ആഗോളതലത്തിൽ മികവുറ്റ ഒരു തൊഴിൽ വിപണി രൂപപ്പെടുത്തുന്നതിൽ നിർണായകമായ മിനിമം ജോലി സമയം, മിനിമം വേതനം, ജീവനക്കാരുടെ സുരക്ഷ തുടങ്ങിയ സുപ്രധാന മേഖലകളിൽ കാര്യമായ പരിഷ്കാരങ്ങൾക്ക് ബജറ്റ് ഊന്നൽ നൽകിയിട്ടില്ല.
ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം ആഭ്യന്തര ഉപഭോഗം ഉത്തേജിപ്പിക്കുകയെന്നത് സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പാണ്. ഈ പശ്ചാത്തലത്തിൽ, ഇന്ത്യൻ മധ്യവർഗത്തെ ബാധിക്കുന്ന നികുതി സ്ലാബുകളിലെ പരിഷ്‌കരണങ്ങൾ ഒരു സുപ്രധാന നയ നീക്കത്തിൽ ഉൾപ്പെടുന്നു. നികുതി ഒഴിവാക്കിയ വരുമാനത്തിൻ്റെ പരിധി ഏഴിൽ നിന്ന് പന്ത്രണ്ട് ലക്ഷം രൂപയായി ഉയർത്തുന്നത് ധീരമായ പരിഷ്‌കാരമാണ്. അതേസമയം ഇരുപത് ലക്ഷം രൂപയിൽ കൂടുതലുള്ള വരുമാനത്തിന് പുതിയ 25% നികുതി ബ്രാക്കറ്റ് ഏർപ്പെടുത്തിയതിനാൽ, ഉയർന്ന നികുതി നിരക്കിലെ വർദ്ധനവ് ഉയർന്ന നിലയിൽ തന്നെയാണ്. എന്നിരുന്നാലും എട്ടാം ശമ്പള കമ്മീഷന്റെ നിർദ്ദേശങ്ങളുടെ ചുവടുപിടിച്ചുള്ള ഈ പ്രഖ്യാപനം ആഭ്യന്തര ഉപഭോഗത്തിന് ഉത്തേജനം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.
സംസ്ഥാന സർക്കാരുകൾക്ക് 1.5 ലക്ഷം കോടി രൂപയുടെ പലിശ രഹിത സഹായ പാക്കേജ് ബജറ്റ് നിർദ്ദേശിക്കുന്നു. തീർച്ചയായും അതാത് സംസ്ഥാനങ്ങൾക്ക് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും ഈസ് ഓഫ് ഡൂയിങ് ബിസിനസ് നിലവാരം മെച്ചപ്പെടുത്താനും സഹായകരമായ ഒരു പാക്കേജ് തന്നെയാകും ഇത്.
ചുരുക്കത്തിൽ ഒരു സമഗ്ര സാമ്പത്തിക പരിഷ്കരണമെന്ന സമീപനത്തിന് പകരം പടിപടിയായുള്ള പരിഷ്കരണ ചുവടുവെയ്പുകളാണ് ബജറ്റ് മുന്നോട്ടു വയ്ക്കുന്നത്. സാമ്പത്തിക വിവേകവും പ്രായോഗിക നയരൂപീകരണവുമാണ് ഈ ബജറ്റിന്റെ സവിശേഷതയായി കാണാൻ സാധിക്കുക. ആദായനികുതി നിരക്ക് പരിഷ്കരണവും പരോക്ഷ നികുതി പിരിവിലെ ഏറ്റക്കുറച്ചിലുകളും മൂലം വരുമാനത്തിലുള്ള വെല്ലുവിളികൾക്കിടയിലും ധനക്കമ്മി വീണ്ടും കുറയ്ക്കാൻ ബജറ്റ് ലക്ഷ്യം വെയ്ക്കുന്നു എന്ന കാര്യം ശ്രദ്ധേയമാണ്.
ബജറ്റ് എന്നത് ഉദ്ദേശ ലക്ഷ്യങ്ങളുടെ ഒരു പ്രസ്താവനയാണ്. അതിലെ ഓരോ നയ പ്രഖ്യാപനങ്ങളും ഇഴ തിരിച്ചു വിലയിരുത്തുമ്പോഴേ യഥാർത്ഥ ചിത്രം വ്യക്തമാകൂ. അതിന് കാത്തിരിക്കാം.