
കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത പൊതുഗതാഗത സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പായ എക്സ്പ്ലോര്‍ ഒന്നര കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപകരില്‍ നിന്നാണ് ഇത് നേടിയത്.
രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്സ്പ്ലോര്‍. നിര്‍മ്മിത ബുദ്ധി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിക്കറ്റ് മെഷീന്‍ വഴി മാസം തോറും അമ്പത് ലക്ഷത്തില്‍ പരം ടിക്കറ്റുകളാണ് നല്‍കുന്നത്. രാജ്യത്തുടനീളം 300 ലധികം ബസുകള്‍ എക്സ്പ്ലോറിന്‍റെ ടിക്കറ്റ് മെഷീനും എ ഐ സേവനങ്ങളും ഉപയോഗപ്പെടുത്തുന്നു.
രാജ്യത്തെ പൊതുഗതാഗത സംവിധാനത്തില്‍ സാര്‍ഥകമായ മാറ്റങ്ങള്‍ കൊണ്ടു വരാനുള്ള എക്സ്പ്ലോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ നിക്ഷേപസമാഹകരണമെന്ന് കമ്പനിയുടെ സിഇഒ നിവേദ് പ്രിയദര്‍ശന്‍ പറഞ്ഞു.
മൂലധന സ്വരൂപണത്തിനൊപ്പം തന്നെ നിക്ഷേപക സമൂഹവുമായി ഇടപെടലുകള്‍ നടത്താന്‍ ലഭിച്ച അവസരം പ്രധാനമായി കാണുന്നു. പൊതുഗതാഗതരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിക്കാന്‍ എക്സ്പ്ലോറിന് കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ആധുനിക ടിക്കറ്റ് മെഷീന്‍, ഡാറ്റ സുരക്ഷ, പ്രവര്‍ത്തന മികവ്, ഗവേഷണം, വികസനം, എ ഐ മോഡലുകള്‍, മറ്റ് രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ നിക്ഷേപം ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.