
ബെംഗളൂരു: കമ്പനിയുടെ ബോർഡ് അംഗമായ അനന്ത് ഗോയങ്കയെ ഇടക്കാല മാനേജിംഗ് ഡയറക്ടറായി (എംഡി) നിയമിച്ച് സെൻസർ ടെക്നോളജീസ്. കമ്പനിയുടെ സിഇഒയും എംഡിയുമായിരുന്ന അജയ് സിംഗ് ഭൂട്ടോറിയയ്ക്ക് ആരോഗ്യപ്രശ്‌നമുണ്ടായതിനാലാണ് പുതിയ നിയമനം.
അസുഖം ഭേദമായതിനുശേഷം മാത്രമേ ഭൂട്ടോറിയയ്ക്ക് സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കഴിയൂ എന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു. സിയാറ്റിന്റെ എംഡിയും ആർപിജി എന്റർപ്രൈസസിന്റെ മാനേജ്‌മെന്റ് ബോർഡ് അംഗവുമാണ് ഗോയങ്ക. സെൻസർ, ടയർ കമ്പനിയായ സിയറ്റ് എന്നിവ ആർപിജി ഗ്രൂപ്പിന്റെ ഭാഗമാണ്.
നിലവിൽ സെൻസറിന്റെ ബോർഡിലെ നോൺ-എക്‌സിക്യൂട്ടീവ്, നോൺ-ഇൻഡിപെൻഡന്റ് ഡയറക്ടറാണ് ഗോയങ്ക. ഐടി വികസനം മുതൽ ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് വരെയുള്ള കൺസൾട്ടിംഗ്, നടപ്പാക്കൽ, എൻഡ്-ടു-എൻഡ് സേവനങ്ങൾ നൽകുന്നതിൽ വൈദഗ്ദ്ധ്യമുള്ള ഒരു ആഗോള സോഫ്റ്റ്‌വെയർ സേവന കമ്പനിയാണ് സെൻസർ ടെക്നോളജീസ്.