തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരിപാതക്ക് വീണ്ടും ജീവൻ വക്കുന്നു. പദ്ധതി നടപ്പാക്കാൻ ത്രികക്ഷി കരാറിന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.
ഫണ്ടിങ്ങിനായി കേരള സർക്കാരിന് റെയിൽവേയും ആർബിഐയുമായി ത്രികക്ഷി കരാർ ഉണ്ടാക്കാം. കരാര്‍ തയാറാക്കണമെന്നാവശ്യപ്പെട്ട് കെ–റയിലിന് അഡീഷനല്‍ ഗതാഗത സെക്രട്ടറി കത്ത് നൽകിയിട്ടുണ്ട്.
പദ്ധതിയുടെ പകുതി ചെലുകള്‍ സംസ്ഥാനം വഹിക്കേണ്ടിവരും. എന്തെങ്കിലും വീഴ്ച കേരളത്തിന്‍റെ ഭാഗത്തുനിന്നുണ്ടായാല്‍ അത് റിസർവ് ബാങ്ക് വഹിക്കണമെന്നാതാണ് നിര്‍ദേശത്തില്‍ പറയുന്നത്. 3,810 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
മഹാരാഷ്ട്ര സര്‍ക്കാര്‍, ആര്‍ബിഐ, റെയില്‍വേ എന്നിവരുമായി പദ്ധതികള്‍ക്കുള്ള ഫണ്ടിങിനായി ഒരു ത്രികക്ഷി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ കരാറിന്റെ മാതൃകയില്‍ പദ്ധതിക്കായി കരാര്‍ തയ്യാറാക്കാനാണ് നിര്‍ദേശം.
ശബരി പദ്ധതിയുമായി ബന്ധപ്പെട്ട് ഈ മാസം ആറിന് മുഖ്യമന്ത്രിയും മന്ത്രി വി അബ്ദുറഹിമാനം റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.