
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ സഹോദരനാണ് അനിൽ അംബാനി. ഏഷ്യയിലെ അതിസമ്പന്നനായ മുകേഷ് അംബാനിയുടെ സഹോദരൻ വർഷങ്ങൾക്കു മുമ്പ് യുകെ കോടതിയിൽ തന്റെ പാപ്പരത്തം പ്രഖ്യാപിച്ച കാര്യം ഏവർക്കും അറിവുള്ളതാണല്ലോ? ഇന്നലെ (ജൂൺ 4) തന്റെ 65-ാം പിറന്നാൾ ആഘോഷിച്ച അനിൽ അംബാനിയെ ചാരത്തിൽ നിന്നുയരുന്ന ഫിനിക്‌സ് പക്ഷിയോടാണ് ഇന്നു പലരും ഉപമിക്കുന്നത്.
ഇതിനു കാരണം കഴിഞ്ഞ കുറച്ച മാസങ്ങളായി അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവ വികാസങ്ങൾ തന്നെ. ഓഹരി വിപണികളിൽ അദ്ദേഹം മികച്ച കുതിപ്പ് കാഴ്ചവയ്ക്കുന്നു. അനിൽ അംബാനി ഒരു കാലത്ത് രാജ്യത്തെ ഏറ്റവും സമ്പന്നരിൽ ഒരാളായിരുന്നു.
ലോക കോടീശ്വര പട്ടികയിൽ ആറാം സ്ഥാനം വരെയെത്താൻ മുകേഷ് അംബാനിയുടെ സഹോദരന് സാധിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 1.83 ലക്ഷം കോടി രൂപയായിരുന്നു.
2020 ലായിരുന്നു സാമ്പത്തിക നില മോശമായതിനെ തുടർന്ന് അദ്ദേഹം വിദേശ കോടതിയിൽ പാപ്പരത്തം പ്രഖ്യാപിച്ചത്. അതിനു ശേഷം വർഷങ്ങളോളം അദ്ദേഹം വാർത്തകളിൽ നിന്നും, സാമൂഹിക മാധ്യമങ്ങളുടെ കണ്ണുകളിൽ നിന്നും അകലം പാലിച്ചിരുന്നു. മുകേഷ് അംബാനി അദ്ദേഹത്തെ സാഹായിക്കാൻ രംഗത്തെത്തിയിരുന്നെങ്കിലും, നിയമ തടങ്ങൾ മൂലം പിൻമാറിയിരുന്നു.
ഒരു കാലത്ത് റിലയൻസിന്റെ മുഖമായിരുന്നു അനിൽ അംബാനി. ധീരുഭായ് അംബാനിയും മരണത്തെ തുടർന്നാണ് അദ്ദേഹം മുകേഷ് അംബാനിയിൽ നിന്നു അകന്നയ്. ലഭിച്ച സ്വത്തുകൾ വീണ്ടും ഉയരങ്ങളിലേയ്ക്കു കൊണ്ടുപോകാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. എന്നാൽ വിജയം നിലനിർത്തുന്നതിൽ പരാജയപ്പെട്ടു.
മുകേഷ് അംബാനിയുടെ റീട്ടെയ്ൽ, ഡിജിറ്റൽ മേഖലകളിലെ വിപുലീകരണം അനിൽ അംബാനിയേയും ബാധിച്ചുവെന്നു പറയുന്നതിലും തെറ്റില്ല.
ജിയോ നാൾക്കുനാൾ ഉയർന്നപ്പോർ ആർക്കോം കൊടുമുടി ഇറങ്ങിയെന്നു പറയാം. എന്നാൽ ധീരുഭായ് അംബാനിയുടെ ഇളയമകൻ അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നു അടുത്തിടെയുണ്ടായ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നു.
റിലയൻസ് ക്യാപിറ്റലിനെ പാപ്പരത്ത നടപടികളിലൂടെ സ്വന്തമാക്കിയ ഹിന്ദുജ ഗ്രൂപ്പ് ഡീൽ പൂർത്തിയാക്കാനുള്ള ശ്രമം തുടരുന്നു. ഇതു അനിൽ അംബാനിയുടെ വലിയ ബാധ്യത ഒഴിവാക്കുന്നു.
റിലയൻസ് പവർ, ഇൻഫ്ര അടക്കം മൂന്നു കമ്പനികളുടെ കടം അനിൽ തിരിച്ചടച്ചു കഴിഞ്ഞു. ഇതോടെ ഓഹരികളും ഉണർന്നു. സാമ്രാജ്യത്തെ തിരികെ കൊണ്ടുവരാൻ മക്കളായ ജയ് അൻമോൽ അംബാനിയും, ജയ് അൻഷുൽ അംബാനിയും അച്ഛനൊപ്പം കട്ടയ്ക്കു കൂടെയുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ജപ്പാനിലെ നിപ്പോണിൽ നിന്നുള്ള നിക്ഷേപത്തിൽ റിലയൻസ് ഗ്രൂപ്പ് ഗണ്യമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഗ്രൂപ്പിലെ വിവിധ കമ്പനികളുടെ ഓഹരി വില ഉയർന്നിട്ടുണ്ട്. ഇതു അനിൽ അംബാനിയുടെ ആസ്തിയിലും പ്രതിഫലിക്കുന്നുവെന്നാണ് വിവരം.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 8,349 കോടി രൂപയാണെന്ന് ഇന്ത്യടൈംസ് റിപ്പോർട്ടിനെ ഉദ്ധരിച്ച് ഡിഎൻഎ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
വർഷങ്ങൾക്കു മുമ്പ് പാപ്പരായ അനിലാണ് വീണ്ടും ചിറക് വിരിക്കുന്നത്.