മുംബൈ: റെഗുലേറ്റര്‍ സെബിയുമായുള്ള പിഴ വിവാദങ്ങള്‍ക്കിടെ വീണ്ടും ബിസിനസ് ലോകത്തെ ഞെട്ടിച്ച് അനില്‍ അംബാനിയും റിലയന്‍സ് ഗ്രൂപ്പും.
റിലയന്‍സ് പവറിന്റെ ഉപസ്ഥാപനമായ റോസ പവര്‍ സപ്ലൈ കമ്പനിയാണ് 485 കോടി രൂപയുടെ വായ്പ മുന്‍കൂറായി അടച്ചത്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ലെന്‍ഡര്‍ വാര്‍ഡെ പാര്‍ട്ണേഴ്സിന് 485 കോടി രൂപ അടച്ചതോടെ കമ്പനി കടരഹിത സ്റ്റാറ്റസും കൈവരിച്ചു.
കഴിഞ്ഞ പാദത്തില്‍ റോസ പവര്‍ അതിന്റെ കടബാധ്യത കുറച്ചിരുന്നു. വരും മാസങ്ങളില്‍ കടം പൂര്‍ണമായി അടച്ച് കടരഹിത സ്റ്റാറ്റസ് കൈവരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. റോസ കടരഹിതമാകുന്നത് റിലയന്‍സ് പവറിനും നേട്ടമാകും.
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിനടുത്തുള്ള റോസ ഗ്രാമത്തിലാണ് റോസ പവര്‍ എന്ന 1,200 മെഗാവാട്ട് കല്‍ക്കരി അധിഷ്ഠിത താപവൈദ്യുത നിലയം പ്രവര്‍ത്തിപ്പിക്കുന്നത്.
ഈ വര്‍ഷം സെപ്റ്റംബറില്‍ റോസ പവര്‍ വാര്‍ഡെ പാര്‍ട്ണേഴ്സിന് 833 കോടി രൂപ മുന്‍കൂറായി നല്‍കിയിരുന്നു. നിലവില്‍ 485 കോടി രൂപ കൂടി അടച്ചതോടെ റോസ പവര്‍ ഒരു സീറോ- ഡെബ്റ്റ് സ്റ്റാറ്റസ് കൈവരിച്ചു. ഷെഡ്യൂളിന് മുമ്പാണ് കമ്പനി 1,318 കോടി രൂപ വാര്‍ഡെയ്ക്ക് അടച്ച് കുടിശിക മുക്തമായതെന്നതും ശ്രദ്ധേയമാണ്.
പുതിയ നീക്കങ്ങള്‍ റോസ പവറിന്റെ ബാലന്‍സ് ഷീറ്റ് കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അടുത്തിടെ റിലയന്‍സ് പവര്‍ 1,525 കോടി രൂപയുടെ ഇക്വിറ്റി- ലിങ്ക്ഡ് വാറണ്ട് പ്രിഫറന്‍ഷ്യല്‍ ഇഷ്യൂവും പ്രഖ്യാപിച്ചിരുന്നു.
അതിവേഗം വളരുന്ന ഇന്ത്യയിലെ ഹരിത ഊര്‍ജ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള റിലയന്‍സ് പവറിന്റെ സ്വപ്‌നങ്ങള്‍ക്കു കരുത്തുപകരുന്നതാണ് അനില്‍ അംബാനിയുടെ നീക്കങ്ങള്‍.
മുകളില്‍ പറഞ്ഞ മുന്‍ഗണനാ ഇഷ്യു കമ്പനിയുടെ ആസ്തി 11,155 കോടി രൂപയില്‍ നിന്ന് 12,680 കോടി രൂപയായി ഉയര്‍ത്തും.
റിലയന്‍സ് ഗ്രൂപ്പിന്റെ ഭാഗമായ റിലയന്‍സ് പവര്‍ ഇന്ത്യയിലെ മികച്ച സ്വകാര്യ വൈദ്യുതി ഉല്‍പ്പാദന, കല്‍ക്കരി ഉറവിട കമ്പനികളില്‍ ഒന്നു കൂടിയാണ്. കല്‍ക്കരി, വാതകം, ജലവൈദ്യുതി, പുനരുപയോഗ ഊര്‍ജം എന്നിവയെ അടിസ്ഥാനമാക്കി 5,300 മെഗാവാട്ടിന്റെ കമ്മീഷന്‍ ചെയ്ത പോര്‍ട്ട്ഫോളിയോ റിലയന്‍സ് പവര്‍ അവകാശപ്പെടുന്നു.
അനില്‍ അംബാനിയുടെ നീക്കം റിലയന്‍സ് പവര്‍ എന്ന കുഞ്ഞന്‍ ഓഹരിയെ ഇന്ത്യന്‍ ഓഹരി വിപണികളില്‍ ശ്രദ്ധകേന്ദ്രമാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിലവില്‍ 43.6 രൂപയാണ് റിലയന്‍സ് പവര്‍ ഓഹരികളുടെ വില.
ഇന്ത്യയിലും വിദേശത്തും പവര്‍ പ്രോജക്ടുകള്‍ വികസിപ്പിക്കുന്നതിനും, നിര്‍മ്മിക്കുന്നതിനും, പ്രവര്‍ത്തിപ്പിക്കുന്നതിനും റിലയന്‍സ് പവര്‍ പ്രവര്‍ത്തിക്കുന്നു.
റിലയന്‍സ് പവര്‍: ഒറ്റനോട്ടത്തില്‍
- നിലവിലെ ഓഹരി വില: 43.6 രൂപ
- 52 വീക്ക് ഹൈ/ ലോ: 54.2 രൂപ/ 19.4 രൂപ
- സ്‌റ്റോക്ക് പിഇ: –
- ബുക്ക്‌വാല്യൂ: 28.9 രൂപ
- ഡിവിഡന്റ്: 0.00%
- ആര്‍ഒസിഇ: 1.43%
- ആര്‍ഒഇ: -17.6%
- മുഖവില: 10 രൂപ