
മുംബൈ: ഭൂട്ടാനിലെ വിവിധ ഊർജോത്പാദന, അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ മുതൽമുടക്കാൻ അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് എഡിഎ ഗ്രൂപ്പ്. സോളാർ, ജലവൈദ്യുതി ഉൽപാദന പദ്ധതികളാണ് ഇവയിൽ പ്രധാനം. ആകെ 1270 മെഗാവാട്ടിന്റെ പുനരുപയോഗ ഊർജോൽപാദന പദ്ധതിയാണ് ഗ്രൂപ്പ് നടപ്പാക്കുക. ഇതിൽ 500 മെഗാവാട്ടിന്റെ സൗരോർജപ്പാടം (സോളാർ പ്ലാന്റ്) പദ്ധതിയും ഉൾപ്പെടുന്നു. ഭൂട്ടാനിലെ ഏറ്റവും വലിയ സൗരോർജ പദ്ധതിയായിരിക്കും ഇത്.
ഭൂട്ടാൻ സർക്കാരിന്റെ വാണിജ്യ വിഭാഗമായ ഡ്രക് ഹോൾഡിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അനിലിന്റെ റിലയൻസ് ഗ്രൂപ്പിലെ കമ്പനികളായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ എന്നിവയുടെ സംയുക്ത സംരംഭമായ റിലയൻസ് എന്റർപ്രൈസസിനാണ് പദ്ധതിയുടെ ചുമതല.