
മുംബൈ: അനിൽ അംബാനിയുടെ (Anil Ambani) റിലയൻസ് ക്യാപിറ്റൽ (Reliance Capital), ഹിന്ദുജ ഗ്രൂപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ നീളുന്നു. 9861 കോടി രൂപയുടെ ഏറ്റെടുക്കലാണ് കാലതാമസം നേരിടുന്നത്.
കഴിഞ്ഞ ആഗസ്റ്റിൽ, റിലയൻസ് ക്യാപിറ്റലിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹിന്ദുജ ഗ്രൂപ്പ് 90 ദിവസത്തെ സമയം കൂടി ആവശ്യപ്പെട്ടിരുന്നു.
അതേ സമയം, റിസർവ് ബാങ്കിന്റെയും, സർക്കാരിന്റെയും അനുമതികൾ വൈകുന്നതാണ് ഏറ്റെടുക്കൽ നീണ്ടു പോകാൻ കാരണമെന്നാണ് ഇൻഡസ് ഇൻഡ് ഇന്റർനാഷണൽ ഹോൾഡിങ്സ് ലിമിറ്റഡിന്റെ പ്രമോട്ടർമാരായ ഹിന്ദുജ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.
നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ ഫയൽ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തിൽ ഇടപാട് പൂർത്തിയാകാൻ സമയമെടുക്കുമെന്നാണ് ഹിന്ദുജ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.
7300 കോടിയുടെ പുതുക്കിയ പ്രൊപ്പോസലുമായി ബന്ധപ്പെട്ട് വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട സങ്കീർണതകളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ റിസർവ്വ് ബാങ്കിന്റെ അന്തിമ അനുമതി ലഭിക്കേണ്ടതുണ്ട്.
ഭീമമായ ഏറ്റെടുക്കലിനായി 7300 കോടി രൂപ വായ്പയെടുക്കാനാണ് ഹിന്ദുജ ഗ്രൂപ്പ് ഒരുങ്ങുന്നത്. ഇന്ത്യയ്ക്ക് പുറത്തു വെച്ച് ഇൻഡസ് ഇൻഡ് ഇന്റർനാഷണലിന്റെ ഇക്വിറ്റി ഇൻഫ്യൂഷൻ വഴി 2500 കോടി രൂപ സമാഹരിക്കാനും ലക്ഷ്യമിടുന്നു.
ഏതാനും മാസങ്ങൾക്കു മുമ്പാണ് അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി ഹിന്ദുജ ഗ്രൂപ്പ് മുന്നോട്ടു വന്നത്.
നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ, കഴിഞ്ഞ ഫെബ്രുവരി 27ാം തിയ്യതിയാണ് റെസല്യൂഷൻ പ്ലാൻ അംഗീകരിച്ചത്. തുടർന്ന് അടുത്ത 90 ദിവസത്തിനകം, മെയ് 27ന് മുമ്പ് ഏറ്റെടുക്കൽ പൂർത്തിയാക്കാനാണ് IIHLന് നിർദേശം നൽകിയിരുന്നത്. എന്നാൽ റിസർവ്വ് ബാങ്കിന്റെ അനുമതി ഈ തിയ്യതിക്ക് മുമ്പ് ലഭിക്കുമോ എന്ന് വ്യക്തമല്ല.
ബിസിനസിലെ കടബാധ്യതകൾ തീർത്ത്, ഭാരങ്ങൾ ഒഴിച്ച് ഒരു തിരിച്ചു വരവിനാണ് അനിൽ അംബാനി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കീഴിലുള്ള മറ്റൊരു കമ്പനിയായ റിലയൻസ് പവർ, കഴിഞ്ഞ ദിവസം കടബാധ്യതകൾ തീർത്തിരുന്നു.
800 കോടി രൂപയാണ് വിവിധ ബാങ്കുകളിലായി തിരിച്ചടവ് നടത്തിയത്. ഇതേത്തുടർന്ന് റിലയൻസ് പവറിന്റെ ഓഹരിവില കുതിച്ചുയർന്നിരുന്നു.
നിലവിൽ ഹിന്ദുജ ഗ്രൂപ്പിന്റെ ഡീൽ കൂടി പൂർത്തിയാകുന്നതോടെ അനിൽ അംബാനിക്ക് കോർ ബിസിനസുകളിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.