
മുംബൈ: കടങ്ങൾ തീർത്ത് കരകയറാനുള്ള അനിൽ അംബാനിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി നേരിടാൻ സാധ്യത. നിലവിൽ ഇൻഷുറൻസ് & റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വിഷയത്തിൽ ഇടപെട്ടതോടെയാണിത്.
അനിൽ അംബാനി നേതൃത്ത്വം നൽകുന്ന റിലയൻസ് ക്യാപിറ്റൽ, ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ള ഇൻഡസ് ഇൻഡ് ഇന്റർനാഷണൽ ഹോൾഡിങ്സുമായി നടത്താൻ തീരുമാനിച്ച ഇടപാടുമായി ബന്ധപ്പെട്ടാണിത്.
കടബാധ്യത കയറിയ റിലയൻസ് ക്യാപിറ്റലിന്റെ 9650 കോടി രൂപയുടെ ഏറ്റെടുക്കൽ നടപടികൾ ഇൻഷുറൻസ് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് IRDAI വിലയിരുത്തി.
ഹിന്ദുജ ഗ്രൂപ്പിന്റെ ഏറ്റെടുക്കൽ ശ്രമം
റിലയൻസ് ക്യാപിറ്റൽ നോൺ-ലൈഫ് അടക്കമുള്ള ഇൻഷുറൻസ് ബിസിനസുകളും ചെയ്യുന്നുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് റിലയൻസ് ക്യാപിറ്റലിനെ 9650 കോടി രൂപയ്ക്ക് ഏറ്റെടുക്കാമെന്ന ഓഫറാണ് ഹിന്ദുജ ഗ്രൂപ്പ് മുന്നോട്ട് വെച്ചത്.
റിപ്പോർട്ടുകൾ പ്രകാരം ഇതിനാവശ്യമുള്ള തുക സമാഹിരിക്കാൻ, 8000 കോടി രൂപയുടെ വായ്പയ്ക്കായി Mizuho, SMBC & MUFG എന്നീ മൂന്ന് ജാപ്പനീസ് ബാങ്കുകളുമായി ഹിന്ദുജ ഗ്രൂപ്പ് ചർച്ചകൾ നടത്തിയിരുന്നു. പാപ്പരത്ത നിയമപ്രകാരമുള്ള ഏറ്റെടുക്കലിനാണ് ശ്രമം.
പാപ്പരത്തവുമായി ബന്ധപ്പെട്ട കോടതി നടപടികൾ ക്ലോസ് ചെയ്യുന്ന മെയ് 27ന് മുമ്പ് വായ്പ തരപ്പെടുത്താനാണ് ഹിന്ദുജ ഗ്രൂപ്പ് ശ്രമിച്ചിരുന്നത്.
IRDAI ഇടപെടൽ
എന്നാൽ നിലവിൽ IRDAI വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. റിലയൻസ് ക്യാപിറ്റൽ അഡ്മിനിസ്ട്രേറ്റർ നാഗേശ്വര റാവുവുമായി ഇൻഷുറൻസ് റെഗുലേറ്റർ ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തി.
IIHL സമർപ്പിച്ചിരിക്കുന്ന ഏറ്റെടുക്കൽ പ്ലാൻ ഇൻഷുറൻസ് റെഗുലേഷൻസുമായി ചേർന്ന് പോകുന്നതല്ലെന്നാണ് IRDAI പറയുന്നത്.
പാപ്പരായ റിലയൻസ് ക്യാപിറ്റലിനെ ഏറ്റെടുക്കുന്ന IIHLന്റെ ഇക്വിറ്റി ക്യാപിറ്റലുമായി ബന്ധപ്പെട്ട് IRDAI വിശദീകരണം ചോദിച്ചിട്ടുണ്ട്. ഏറ്റെടുക്കലിനായി IIHL കടം വാങ്ങുന്ന തുകയുമായി ബന്ധപ്പെട്ട വിഷയത്തിലും ഇടപെടലുണ്ട്.
ഇൻഷുറൻസ് കമ്പനികൾ, ഏറ്റെടുക്കൽ പോലെയുള്ള വിഷയങ്ങളിൽ തങ്ങളുടെ സ്വന്തം മൂലധനം ഉപയോഗിക്കണമെന്ന അഭിപ്രായമാണ് റെഗുലേറ്റർക്കുള്ളത്. ഇൻഷുറൻസ് കമ്പനികൾ പോളിസി ഉടമകളുടെ പണമാണ് കൈകാര്യം ചെയ്യുന്നത്.
ഇതനാൽ പോളിസി ഉടമകളുടെ സുരക്ഷയ്ക്ക്, IRDAI റെഗുലേറ്റർ എന്ന നിലയിൽ മുൻഗണന നൽകുന്നതായിട്ടാണ് വിലയിരുത്തൽ.
കൂടുതൽ വിശദീകരണങ്ങൾ ആവശ്യം
റിലയൻസ് ക്യാപിറ്റലിന്റെ ഇൻഷുറൻസ് സബ്സിഡിയറികളുടെ ഏറ്റെടുക്കലിനുള്ള പണം കടം വാങ്ങുന്നതിന്റെ ഘടന, പദ്ധതി എന്നീ കാര്യങ്ങളിലും വ്യക്തത വരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ ഇൻഷുറൻസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ IIHLന് ഭാവിയിലെ മൂലധന ആവശ്യങ്ങൾ എങ്ങനെ പരിഹരിക്കാൻ സാധിക്കുമെന്നും, റിലയൻസ് ക്യാപിറ്റൽ ഓഹരികൾ IIHL ഏറ്റെടുക്കുമ്പോഴുള്ള 100% എന്ന തോതിൽ അധികരിക്കുന്ന വിദേശ നിക്ഷേപം സംബന്ധിച്ചും വിശദീകരണങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
നീണ്ടു പോകുന്ന ഏറ്റെടുക്കൽ
റിലയൻസ് ക്യാപിറ്റലിന്റെ ഏറ്റെടുക്കൽ വിഷയത്തിൽ ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ള IIHL ന്റെ 9650 കോടി രൂപയുടെ റസല്യൂഷൻ പ്ലാൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ കഴിഞ്ഞ ഫെബ്രുവരി 27ന് അംഗീകരിച്ചിരുന്നു.
ഭരണക്രമത്തിലെ പിഴവുകൾ, പേയ്മെന്റ് തിരിച്ചടവിലെ വീഴ്ച്ചകൾ എന്നിവ കാരണം 2021 നവംബറിൽ റിലയൻസ് ക്യാപിറ്റൽ ബോർഡിനെ റിസർവ് ബാങ്ക് പിരിച്ചു വിട്ടിരുന്നു. തുടർന്ന് Y നാഗേശ്വര റാവുവിനെ അഡ്മിനിസ്ട്രേറ്ററായി ആർബിഐ നിയമിച്ചു.
കമ്പനിയുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 2022 ഫെബ്രുവരി മുതൽ അദ്ദേഹം ബിഡ് ഇൻവിറ്റേഷൻ ആരംഭിച്ചിരുന്നു.
റിലയൻസ് ക്യാപിറ്റലിന് 40000 കോടി രൂപയിലധികമാണ് കടബാധ്യതയുള്ളത്. തുടക്കത്തിൽ നാല് ബിഡുകളാണ് ലഭിച്ചത്. എന്നാൽ IIHL, ടൊറന്റ് ഇൻവെസ്റ്റ്മെൻ്റ് എന്നിവരടക്കം പങ്കെടുത്ത ആദ്യ നാല് ബിഡുകൾ കുറഞ്ഞ ബിഡ് മൂല്യമടക്കമുള്ള കാരണങ്ങളാൽ കമ്മിറ്റീ ഓഫ് ക്രെഡിറ്റേഴ്സ് നിരസിച്ചിരുന്നു.
2023 ജൂണിലാണ് 9661 കോടി രൂപ കെട്ടി വെച്ച ഹിന്ദുജ ഗ്രൂപ്പിനെ കമ്മിറ്റിി തെരഞ്ഞെടുത്തത്. വ്യവസ്ഥകൾ പ്രകാരം റിലയൻസ് ക്യാപിറ്റലിന്റെ കൈവശം ബാക്കി വരുന്ന 500 കോടി രൂപയും വായ്പാ സ്ഥാപനങ്ങളിലേക്കാണ് പോവുക.