
ഒരിക്കൽ ലോക കോടീശ്വര പട്ടികയിലെ ആറാമൻ, പീന്നീട് പാപ്പരത്ത്വം സ്വീകരിച്ച് വിവാദ നായകൻ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ സഹോദരനായ അനിൽ അംബാനി ഇന്നു മാധ്യമങ്ങളിൽ നിന്നു ഒഴിഞ്ഞുമാറി ജീവിക്കുന്ന വ്യക്തിയാണ്.
എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി സാമൂഹിക മാധ്യമങ്ങളിലടക്കം ഏറ്റവും വലിയ ചർച്ചവിഷയം അനിൽ അംബാനിയാണ്. മൂന്നു ബാങ്കുകളിലെ കടം തീർത്ത് തന്റെ സാമ്രാജ്യത്തെ വിജയവിഴിയിൽ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
റിലയൻസ് ക്യാപിറ്റലിനെ ഹിന്ദുജ സഹോദരങ്ങൾ മികച്ച ഡീലിൽ സ്വന്തമാക്കുന്നത് അനിലിന് നൽകുന്ന ആശ്വാസം ചെറുതല്ല. റിലയൻസ് പവറിന്റെ കുതിച്ചുയരുന്ന ഓഹരികളും, മുംബൈ മെട്രോ ലൈനുമായി ബന്ധപ്പെട്ട 4,000 കോടിയുടെ ഇടപാടും അദ്ദേഹത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നു.
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും, മുൻ ചീഫ് സെക്രട്ടറിയുമായ ജോണി ജോസഫിന്റെ നേതൃത്വത്തിലുള്ള പാനൽ, മുംബൈ മെട്രോ വൺ പ്രൈവറ്റ് ലിമിറ്റഡിലെ (എംഎംഒപിഎൽ) അനിലിന്റെ 74 ശതമാനം ഓഹരികളുടെ മൂല്യം 4,000 കോടി രൂപയായി കണ്ടെത്തിയത്.
ഡിസ്‌കൗണ്ടഡ് ക്യാഷ് ഫ്‌ളോ മോഡൽ വഴി പാനൽ കണ്ടെത്തിയ ഈ മൂല്യം സംസ്ഥാന കാബിനറ്റ് അംഗീകരിച്ചു കഴിഞ്ഞു. മഹാരാഷ്ട്ര സർക്കാർ മുംബൈ മെട്രോ ലൈൻ ഒന്ന് ഏറ്റെടുക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.
ദ ഹിന്ദുവിന്റെ റിപ്പോർട്ട് പ്രകാരം സർക്കാർ ഇപ്പോൾ വായ്പക്കാരുമായി ഇടപാട് ചർച്ച ചെയ്യുകയാണ്. ഇടപാട് സാധ്യമായാൽ അനിൽ അംബാനിയുടെ കൈയ്യിൽ 4,000 കോടി രൂപയെത്തും. സാമ്പത്തിക ഞെരുക്കം ശക്തമായ അനിലിന്റെ കമ്പനികളെ സംബന്ധിച്ച് ഈ തുക വലിയ ബൂസ്റ്റാകും.
കാനറ ബാങ്ക്, ഐഡിബിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി എന്നീ ആറ് ഇന്ത്യൻ ബാങ്കുകൾ ധനസഹായം നൽകുന്ന ആദ്യത്തെ മെട്രോ പദ്ധതിയാണ് മുംബൈ മെട്രോ വൺ പ്രൈവറ്റ് ലിമിറ്റഡ്.
ഈ മാസം ആദ്യം, നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (NCLT) ഒറ്റത്തവണ കടം തീർപ്പാക്കൽ (OTS) കണക്കിലെടുത്ത് MMOPL നെതിരായ കോർപ്പറേറ്റ് പാപ്പരത്വ നടപടികൾ തീർപ്പാക്കിയിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക് എന്നിവരായിരുന്നു കുടിശികയുടെ പശ്ചാത്തലത്തിൽ മുംബൈ മെട്രോ വൺ പ്രൈവറ്റ് ലിമിറ്റഡിനെതിരേ പാപ്പരത്വ കോടതിയെ സമീപിച്ചത്.
മുംബൈ മെട്രോ പദ്ധതിക്കായി 1,711 കോടി രൂപ വായ്പ നൽകിയ ആറ് വായ്പക്കാരുടെ കൺസോർഷ്യത്തിൽ ഉൾപ്പെടുന്ന ബാങ്കുകളാണിവ. സർക്കാരുമായുള്ള അനിലിന്റെ ചർച്ചകൾ വിജയിച്ചാൽ, മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റി ഒറ്റത്തവണ തീർപ്പക്കാൽ അനുവദിക്കും.
ഏറ്റെടുക്കൽ മാനദണ്ഡങ്ങൾ അനുസരിച്ച്, കടം കൊടുത്തവരുടെ കുടിശിക ആദ്യം തീർക്കും. തുടർന്ന് സർക്കാർ കുടിശിക, ജീവനക്കാരുടെ ശമ്പളം, മുൻഗണന ഓഹരി ഉടമകളുടെ സെറ്റിൽമെന്റ് എന്നിവ പൂർത്തിയാക്കും.
റിലയൻസ് ഇൻഫ്രയുടെ ഇക്വിറ്റി പേയ്മെന്റാകും ഇക്കൂട്ടത്തിൽ അവസാനത്തേത് എന്ന് ഒരു സംസ്ഥാന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.