മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ മറ്റൊരു കമ്പനികൂടി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നു. എൻജിനിയറിങ്, കണ്‍സ്ട്രക്ഷൻ മേഖലയില്‍ പ്രവർത്തിക്കുന്ന ടാറ്റ പ്രൊജക്‌ട്സ് ആണ് ഐപിഒക്കുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. ഒരുവർഷത്തിനുള്ളില്‍ ലിസ്റ്റ് ചെയ്തേക്കുമൈന്നാണ് റിപ്പോർട്ടുകള്‍.
പുതിയ പാർലമെന്റ് മന്ദിരം, മുംബൈയിലെ അടല്‍ സേതു തുടങ്ങിയവ കമ്പനിയുടെ പ്രധാന പ്രൊജക്ടുകളില്‍ ചിലതായിരുന്നു. സങ്കീർണമായ പദ്ധതികള്‍ കൈകാര്യം ചെയ്യുന്നതിലെ മികവ് കമ്പനിയുടെ നേട്ടമായി വിലയിരുത്തുന്നു.
നിർമാണ പ്രവർത്തനങ്ങള്‍ക്ക് പുറമെ, അർധചാലകങ്ങള്‍, ഹരിത ഊർജം, ഡാറ്റ സെന്റർ തുടങ്ങിയ മേഖലകളിലെ പദ്ധതികളും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
ടിസിഎസ്, ടാറ്റ പവർ, ഇന്ത്യൻ ഹോട്ടല്‍സ്, ടാറ്റ സ്റ്റീല്‍, ടാറ്റ ഇലക്‌ട്രോണിക്സ് എന്നീ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ വിവിധ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നതും ടാറ്റ പ്രൊജക്‌ട്സ് ആണ്. മൊത്തം പദ്ധതികളില്‍ ഗ്രൂപ്പിന്റെ വിഹിതം മാത്രം 20 ശതമാനത്തിലേറെയാണ്.
2024 മാർച്ച് 31 വരെയുള്ള കണക്കു പ്രകാരം കമ്പനിയിലെ 57.31 ശതമാനം ഓഹരി വിഹിതവും ടാറ്റ സണ്‍സിന്റെ കൈവശമാണ്. ടാറ്റ പവർ(30.81%), ടാറ്റ കെമിക്കല്‍സ് (6.16%), വോള്‍ട്ടാസ് (4.30%), ടാറ്റ ഇൻഡസ്ട്രീസ് (1.42%) എന്നിങ്ങനെയാണ് മറ്റ് ടാറ്റ കമ്ബനികളുടെ ഓഹരി വിഹിതം.
2024 ജൂണിലെ കണക്കുപ്രകാരം 44,000 കോടി രൂപയുടെ പദ്ധതികളാണ് ടാറ്റ പ്രൊജക്ടിനുള്ളത്. ഇവയില്‍ 90 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണ്. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ ഏകീകൃത മൊത്തവരുമാനം 17,761 കോടി രൂപയും അറ്റാദായം 81.97 കോടി രൂപയുമായിരുന്നു.
ഇതിന് മുമ്പത്തെ സാമ്പത്തിക വർഷം 855.65 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു.
2004ല്‍ ടിസിഎസിന്റെ ലിസ്റ്റിങിന് ശേഷം ഏറെ നാളുകള്‍ കഴിഞ്ഞായിരുന്നു ടാറ്റ സണ്‍സിന്റെ മറ്റൊരു കമ്പനിയായ ടാറ്റ ടെക്നോളജീസ് കഴിഞ്ഞ വർഷം വിപണിയിലെത്തിയത്.