
ന്യൂഡൽഹി: ചൈനയിൽ നിന്നും വിയറ്റ്നാമിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ടെക്സ്ചർ ചെയ്ത ടെമ്പർഡ് സോളാർ ഗ്ലാസുകൾക്കുളള ആന്റി-ഡമ്പിംഗ് തീരുവകൾ അന്തിമമാക്കി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം.
വിലകുറഞ്ഞ ഇറക്കുമതി ഇന്ത്യൻ കമ്പനികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രാലയം അന്വേഷണം നടത്തിയിരുന്നു.
2023 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെയുളള കാലയളവില്‍ വലിയ തോതില്‍ വില കുറഞ്ഞ സോളാർ ഗ്ലാസുകൾ ഈ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തതായി കണ്ടെത്തി.
പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അന്തിമ അന്വേഷണം പൂർത്തിയാകുന്നതുവരെ 2024 നവംബറില്‍ ഈ രാജ്യങ്ങളുടെ മേല്‍ താൽക്കാലിക ആന്റി-ഡംപിംഗ് തീരുവ ചുമത്തിയിരുന്നു.
ചൈനയ്ക്ക് മെട്രിക് ടണ്ണിന് $658-$664 ഉം വിയറ്റ്നാമിന് മെട്രിക് ടണ്ണിന് $570-$664 ഉം എന്ന നിരക്കിലാണ് ആന്റി-ഡമ്പിംഗ് തീരുവകള്‍ ഇപ്പോള്‍ അന്തിമമാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ധനകാര്യ മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്.
ചൈനയിൽ നിന്നും വിയറ്റ്നാമിൽ നിന്നും വിലകുറഞ്ഞ ഇറക്കുമതി ക്രമാതീതമായി വര്‍ധിക്കുന്നത് ഇന്ത്യന്‍ കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ഇന്ത്യൻ കമ്പനികളെ വിപണി സാന്നിധ്യം വികസിപ്പിക്കുന്നതിനെ തടയുകയും കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വിൽക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു.
ഇന്ത്യയുടെ സോളാർ ഗ്ലാസ് നിർമ്മാണ മേഖലയെ ശക്തിപ്പെടുത്താനും പുനരുപയോഗ ഊർജ ഘടകങ്ങളിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് അടുക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് വിദഗ്ധർ കരുതുന്നത്.
അതേസമയം തീരുവ ചുമത്തുന്നത് ഹ്രസ്വകാലത്തേക്ക് സൗരോർജ പദ്ധതികളുടെ ചെലവ് വർദ്ധിപ്പിക്കുമെന്നും ഇത് സൗരോർജ മേഖലയുടെ മൊത്തത്തിലുള്ള വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.