മുംബൈ: ഗുജറാത്ത് ആസ്ഥാനമായുള്ള സ്പെഷ്യാലിറ്റി കെമിക്കൽസ് കമ്പനിയായ അനുപം രസായൻ ഫണ്ട് സ്വരൂപിക്കുന്നതിനായി ഒരു ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് ആരംഭിച്ചതായി എക്സ്ചേഞ്ച് ഫയലിംഗ് പറയുന്നു. ഇഷ്യു വഴി 500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഒരു ലിസ്‌റ്റ് ചെയ്‌ത ഇന്ത്യൻ കമ്പനിക്ക് ആഭ്യന്തര വിപണിയിൽ നിന്ന് ക്യുഐപി മുഖേന ഫണ്ട് സമാഹരിക്കാൻ മാർക്കറ്റ് റെഗുലേറ്റർമാർക്ക് പ്രീ-ഇഷ്യൂ ഫയലിംഗുകളൊന്നും നൽകേണ്ടതില്ല. അതേസമയം ഈ ക്യുഐപി ഇഷ്യുവിന്റെ തറവില 762.88 രൂപയാണെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഇത് കമ്പനിയുടെ ബുധനാഴ്ചത്തെ ക്ലോസിംഗ് വിലയെക്കാൾ 0.6 ശതമാനം കൂടുതലാണ്.
വിവിധ ധനസമാഹരണ രീതികളിലൂടെ 800 കോടി രൂപ സമാഹരിക്കാൻ മെയ് മാസത്തിൽ കമ്പനിക്ക് ബോർഡിൻറെ അനുമതി ലഭിച്ചിരുന്നു. സൂറത്തിലെ അവരുടെ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് ഈ മാസം ആദ്യം അനുപം രസായൻ വാർത്തകളിൽ നിറഞ്ഞിരുന്നു. സംഭവത്തെത്തുടർന്ന് ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനിയുടെ പ്ലാന്റിന് അടച്ചുപൂട്ടൽ നോട്ടീസ് നൽകുകയും ഒരു കോടി രൂപ പിഴ ചുമത്തുകയും ചെയ്തു.
അനുപം രസായന് നിലവിൽ മൊത്തം 27,157 എംടിയുടെ ഉല്പ്പാദന ശേഷിയുണ്ട്. കൂടാതെ 25 എംഎൻസികൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് കമ്പനി സേവനം നൽകുന്നു. അനുപം രസായന്റെ ഓഹരികൾ നിലവിൽ 0.6 ശതമാനം ഉയർന്ന് 763.15 രൂപയിലാണ് വ്യാപാരം നടക്കുന്നത്.