ന്യൂഡൽഹി: ഡിഎക്കൊപ്പം മറ്റ് അലവൻസുകളും വർധിപ്പിക്കുന്നത് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മികച്ച നേട്ടം നൽകും. അടിസ്ഥാന ശമ്പളത്തിൻ്റെ 53 ശതമാനം വരെയാണ് ഇനി ഡിഎയായി ലഭിക്കുക.
ഡിഎയിൽ മൂന്നു ശതമാനമാണ് അടുത്തിടെ സർക്കാർ വർധന വരുത്തിയത്. എന്നാൽ സർക്കാർ ജീവനക്കാരുടെ വീട്ടുവാടക അലവൻസ്, ഗ്രാറ്റുവിറ്റി എന്നിവയും വർധിപ്പിക്കുമെന്ന് സൂചനയുണ്ട്.
നേരത്തെ ഡിഎ അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനം ആയിരുന്നു ഡിഎ. എന്നാൽ സർക്കാർ ഡിഎ വർധനക്കൊപ്പം മറ്റ് അലവൻസുകളും വർധിപ്പിച്ചിരുന്നു. ഇത് ജീവനക്കാരുടെ ശമ്പളത്തിൽ ഗണ്യമായ വർധനവുണ്ടാക്കി.
സമാനമായി ഇത്തവണ ഡിഎയിൽ മൂന്ന് ശതമാനം വർധന വരുത്തിയിരിക്കുന്നതിനാൽ മറ്റ് അലവൻസുകളും വർധിപ്പിക്കുമോ എന്ന ചർച്ചകൾ നടക്കുന്നുണ്ട്.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 2024 ജനുവരി ഒന്നിന് നാലു ശതമാനം വർധിപ്പിച്ചിരുന്നു. 2024 ജനുവരി ഒന്നു മുതലായിരുന്നു ഇതിന് പ്രാബല്യം. കേന്ദ്ര സർക്കാർ പെൻഷൻകാർക്കുള്ള ഡിയർനസ് റിലീഫിലും ഇത്രയും തന്നെ വർധനയാണ് വരുത്തിയത്.
ക്ഷാമബത്ത 50 ശതമാനം കവിയുമ്പോൾ ചില അലവൻസുകളും വർധിപ്പിക്കണമെന്നാണ് ഏഴാം ശമ്പള കമ്മീഷൻ ശുപാർശ. എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ്റെ സർക്കുലർ പ്രകാരം വീട്ടുവാടക അലവൻസ്, ഗതാഗത അലവൻസുകൾ തുടങ്ങിയവയാണ് ആനുപാതികമായി വർധിപ്പിക്കേണ്ടത്.
എന്താണ് ഡിയർനസ് അലവൻസ്?
പണപ്പെരുപ്പത്തിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒരു പരിധിവരെ തടയുന്നതാണ് ഡിഎ വർധന. രാജ്യത്തുടനീളമുള്ള ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള വിലക്കയറ്റം കണക്കാക്കിയാണ് ഡിഎയിൽ വർ ഒരു വർഷത്തിൽ രണ്ടു തവണയാണ് ഡിഎ വർധിപ്പിക്കാറ്.
ജീവനക്കാരുടെ ശമ്പള സ്കെയിൽ അനുസരിച്ചാണ് ഡിഎ വർധന എന്നതിനാൽ വിവിധ തസ്തികകൾ അനുസരിച്ച് ഡിഎയായി ലഭിക്കുന്ന തുകയിലും വ്യത്യാസം വരും. അതുപോലെ, നഗരങ്ങളിലെയും ഗ്രാമീണ മേഖലകളിലെയും അലവൻസുകളിൽ വ്യത്യാസമുണ്ട്.
കൊവിഡ് കാലത്ത് കേന്ദ്രസർക്കാർ ഡിഎ വർധന നിർത്തിവച്ചിരുന്നു. എന്നാൽ പിന്നീട് കുടിശ്ശിക തുക വിതരണം ചെയ്തു.
ഡിയർനസ് അലവൻസ് രണ്ടുതരം
ഡിഎയെ രണ്ട് തരത്തിലുണ്ട്. ഇൻഡസ്ട്രിയൽ ഡിയർനസ് അലവൻസ്, വേരിയബിൾ ഡിയർനസ് അലവൻസ് എന്നിവയാണ് ഉദാഹരണങ്ങൾ.
പൊതുമേഖലാ ജീവനക്കാർക്കാണ് ഇൻഡസ്ട്രിയൽ ഡിയർനസ് അലവൻസ് നൽകുന്നത്. ഇൻഡസ്ട്രിയൽ ഡിയർനസ് അലവൻസ്, ഉപഭോക്തൃ വില സൂചികയെ (സിപിഐ) അടിസ്ഥാനമാക്കി മൂന്നുമാസം കൂടുമ്പോൾ പരിഷ്കരിക്കാറുണ്ട്.
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നൽകുന്നത് വേരിയബിൾ ഡിയർനസ് അലവൻസാണ്. വർഷത്തിൽ രണ്ടു തവണയാണ് നൽകുക. ശമ്പളവരുമാനക്കാരുടെ ഡിഎ നികുതി വിധേയമാണ്.
ഇന്ത്യയിലെ ആദായനികുതി നിയമം അനുസരിച്ച് സമർപ്പിച്ച റിട്ടേണുകളിൽ ഡിയർനസ് അലവൻസ് പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.