മുംബൈ: ആയുർവേദ ആശുപത്രി ശൃംഖലയായ ആയുർവൈദിന്റെ 60 ശതമാനം ഓഹരികൾ 26.4 കോടി രൂപയ്ക്ക് ഏറ്റെടുത്ത് പ്രമുഖ ആശുപത്രി ശൃംഖലയായ അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസ് ലിമിറ്റഡ്.
നിർദിഷ്ട നിക്ഷേപം നിലവിലുള്ള കേന്ദ്രങ്ങൾ നവീകരിക്കുന്നതിനും പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും എന്റർപ്രൈസ് പ്ലാറ്റ്‌ഫോമുകൾ ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ ആരോഗ്യ സംരംഭങ്ങൾക്കുമായി ഉപയോഗിക്കുമെന്ന് അപ്പോളോ ഗ്രൂപ്പ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ആയുർവൈഡ് 2023 സാമ്പത്തിക വർഷത്തിൽ 15 കോടിയിലധികം രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. കൂടാതെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സ്ഥാപനം 100 കോടി രൂപയുടെ വരുമാനം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.
അപ്പോളോ-ആയുർവൈഡ് പങ്കാളിത്തം ഇന്ത്യൻ പൗരന്മാർക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള മെഡിക്കൽ മൂല്യമുള്ള യാത്രക്കാർക്കും പ്രതീക്ഷയുടെ വെളിച്ചമാകുമെന്ന് അപ്പോളോ ഹോസ്പിറ്റൽ എന്റർപ്രൈസ് ചെയർമാൻ പ്രതാപ് സി റെഡ്ഡി പറഞ്ഞു.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഹെൽത്ത് കെയർ ഗ്രൂപ്പാണ് അപ്പോളോ ഹോസ്പിറ്റൽസ്. ഹോസ്പിറ്റൽ ശൃംഖല കൂടാതെ, കമ്പനി ഫാർമസികൾ, പ്രൈമറി കെയർ, ഡയഗ്നോസ്റ്റിക് സെന്ററുകൾ, ടെലിഹെൽത്ത് ക്ലിനിക്കുകൾ എന്നിവയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലൂടെ പ്രവർത്തിപ്പിക്കുന്നു.