മുംബൈ: ഹെൽത്ത്‌കെയർ പ്രമുഖരായ അപ്പോളോ ഹോസ്‌പിറ്റൽസ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അതിന്റെ ഡയഗ്‌നോസ്റ്റിക്‌സ് ബിസിനസിൽ നിന്ന് 1,000 കോടി രൂപയുടെ വരുമാനം നേടാൻ ലക്ഷ്യമിടുന്നതായി കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥ പറഞ്ഞു.
പ്രാഥമിക ശുശ്രൂഷയും രോഗനിർണ്ണയവും അടങ്ങുന്ന ഡയഗ്‌നോസ്റ്റിക്‌സ് ബിസിനസിൽ തങ്ങൾ പ്രത്യേക ശ്രദ്ധ കേന്ദ്രികരിക്കുമെന്ന് അപ്പോളോ ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർ സുനിത റെഡ്ഡി പറഞ്ഞു. സ്ഥാപനത്തിന്റെ ഡയഗ്നോസ്റ്റിക് ലാബുകൾക്ക് ഹൈ-എൻഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ നൽകുന്നതിന് ആവശ്യമായ ക്ലിനിക്കൽ അടിത്തറ ഉണ്ടെന്നും അതിനാൽ രാജ്യത്തുടനീളമുള്ള ആശുപത്രികൾക്ക് ഇത് ഒരു റഫറൻസ് യൂണിറ്റായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പിന് ആശുപത്രികൾ, പ്രൈമറി കെയർ ക്ലിനിക്കുകൾ, ഡയഗ്നോസ്റ്റിക് ലാബുകൾ, ഡിജിറ്റൽ ഹെൽത്ത് കെയർ (അപ്പോളോ 24/7), ഫാർമസി എന്നിങ്ങനെ വിവിധ ബിസിനസ്സ് വിഭാഗങ്ങളുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ അപ്പോളോ ഹോസ്പിറ്റൽസിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 4,251 കോടി രൂപയായിരുന്നു.
ഡയഗ്നോസ്റ്റിക്സ് ബിസിനസ്സ് ഉൾക്കൊള്ളുന്ന എഎച്ച്എൽഎൽ ഈ കാലയളവിൽ 318 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. കഴിഞ്ഞ അർദ്ധ വർഷത്തിൽ അപ്പോളോ ഡയഗ്നോസ്റ്റിക്സ് 260-ലധികം കളക്ഷൻ സെന്ററുകളും ഒമ്പത് തേർഡ്-പാർട്ടി ലാബുകളും കൂട്ടിച്ചേർത്തു, ഇതോടെ സ്ഥാപനത്തിന്റെ മൊത്തം കളക്ഷൻ സെന്റർ ശൃംഖല 1,500 ആയി ഉയർന്നു. കൂടാതെ ഇത് പ്രതിദിനം 13,000-ത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.