മുംബൈ: 2022-23 ജൂൺ പാദത്തിൽ ഏകീകൃത അറ്റാദായം 49.21 ശതമാനം വർധിച്ച് 190.68 കോടി രൂപയായതായി അപ്പോളോ ടയേഴ്‌സ് ലിമിറ്റഡ് അറിയിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 127.78 കോടി രൂപയുടെ അറ്റാദായമാണ് ടയർ നിർമ്മാതാവ് നേടിയത്.
കൂടാതെ പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ഒന്നോ അതിലധികമോ തവണകളായി നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി) ഇഷ്യൂ ചെയ്യുന്നതിലൂടെ 1,000 കോടി രൂപ സമാഹരിക്കാൻ ബോർഡ് അനുമതി നൽകിയതായി അപ്പോളോ ടയേഴ്‌സ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. അവലോകന കാലയളവിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 5,942 കോടി രൂപയാണ്.
സാമഗ്രികളുടെ വില 3,405.46 കോടി രൂപയായി ഉയർന്നതിനെ തുടർന്ന് കമ്പനിയുടെ മൊത്തം ചെലവ് 5,714.17 കോടി രൂപയായി വർധിച്ചു. ഇന്ത്യൻ, യൂറോപ്യൻ പ്രവർത്തനങ്ങൾ ആദ്യ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതായും, സെഗ്‌മെന്റുകളിലുടനീളമുള്ള ആരോഗ്യകരമായ ഡിമാൻഡ് തുടരുന്നതായും കമ്പനി പറഞ്ഞു.