പിഎം ഇൻ്റേൺഷിപ്പ് പദ്ധതിക്ക് ഇന്ന് തുടക്കമാകും. ആദ്യ ബാച്ചിലേക്ക് ഇന്ന് വൈകുന്നേരം മുതൽ ഓൺലൈനായി അപേക്ഷിക്കാം. 193 കമ്പനികൾ 90,849 ഇൻ്റേൺഷിപ്പ് അവസരങ്ങൾ ഇന്നലെ വൈകിട്ട് വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യ ബാച്ചിലേക്ക് 25 വരെ രജിസ്റ്റർ ചെയ്യാം.
രാജ്യത്തെ വൻകിട കമ്പനികളിൽ പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡുമായി ഇൻ്റേൺഷിപ്പ് ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്. മാരുതി സുസുക്കി ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ഐഷർ, എൽ ആൻഡ് ടി, മുത്തൂറ്റ് ഫിനാൻസ് അടക്കമുള്ള കമ്പനികൾ പദ്ധതിയിൽ ചേർന്നിട്ടുണ്ട്. ആദ്യ ബാച്ചിന്റെ ഇൻ്റേൺഷിപ്പ് ഡിസംബർ രണ്ടിന് ആരംഭിക്കാനാണ് പദ്ധതി. 21-24 പ്രായക്കാർക്ക് അപേക്ഷിക്കാം. pminternship.mca.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകർ പൂർണസമയ വിദ്യാഭ്യാസമോ പൂർണസമയ ജോലിയോ ചെയ്യുന്നവരാകരുത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഐടിഐ, പോളിടെക്നിക്, ഡിപ്ലോമ, ബിഎ, ബിഎസ്സി,ബികോം, ബിബിഎ, ബിഫാം തുടങ്ങി ഡിഗ്രി കഴിഞ്ഞവർക്കും അപേക്ഷിക്കാം. ഒക്ടോബർ 27 മുതൽ നവംബർ ഏഴ് വരെ ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിൽ യുവാക്കളെ തെരഞ്ഞെടുക്കും. അടുത്ത മാസം എട്ട് മുതൽ 15 വരെ അപേക്ഷകർക്ക് കമ്പനികളുടെ ഓഫർ ഓൺലൈനായി അംഗീകരിക്കാനുള്ള സമയമാണ്. ആദ്യ ഓഫർ താത്പര്യമില്ലെങ്കിൽ മറ്റ് രണ്ട് ഓഫറുകൾ കൂടി ലഭ്യമാക്കും. രാജ്യത്തെ 737 ജില്ലകളിലാണ് അവസരങ്ങൾ.
എഫ്എംസിജി, ആരോഗ്യരംഗം, പാർപ്പിട നിർമാണ രംഗം തുടങ്ങിയ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനത്തിന് അവസരം ലഭിക്കും. ഏറ്റവുമധികം ഓയിൽ, ഗ്യാസ്, ഊർജ്ജ മേഖലയിലാണ്. രണ്ടാമത് ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റിയാണ്. തൊഴിൽ പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്നീ പദ്ധതികൾക്ക് കീഴിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വിദ്യാത്ഥികളുടെ ഇൻഷുറൻസ് പ്രീമിയം സർക്കാർ തന്നെയാകും നൽകുക. മാതാപിതാക്കൾക്ക് സർക്കാർ ജോലി ഉണ്ടായിരിക്കരുത്. കുടുംബത്തിന്റെ വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ താഴെയായിരിക്കണം എന്നീ നിബന്ധനകളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
പദ്ധതിക്ക് കീഴിൽ പ്രതിമാസം 5,000 രൂപ വീതമാണ് സ്റ്റൈപ്പൻഡ്. ഒരു വർഷം 60,000 രൂപയാണ് ലഭിക്കുക. ആദ്യമാസം 6,000 രൂപ ഒറ്റത്തവണയായി ലഭിക്കും. ബാക്കി തുക അക്കൗണ്ടിൽ എത്തും. സ്റ്റൈപ്പൻഡ് തുകയിൽ 4,500 രൂപ സർക്കാർ നൽകും. 500 രൂപ കമ്പനികളുടെ വിഹിതമായിരിക്കും. ഈ തുക കമ്പനികളുടെ സിഎസ്ആർ ഫണ്ടിൽ നിന്നാണ് വിനിയോഗിക്കുക.