മുംബൈ: ഇന്ത്യയിലെ നിർദ്ദിഷ്ട ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഉയർന്ന കരുത്തുള്ള പ്രത്യേക സ്റ്റീൽ വിതരണം ചെയ്യാൻ ആർസലർ മിത്തലിന്റെ വിഭാഗമായ എഎംഎൻഎസ് ഇന്ത്യ ലക്ഷ്യമിടുന്നു. എഎംഎൻഎസ് ഇന്ത്യ ചെയർമാൻ ആദിത്യ മിത്തൽ കമ്പനിയുടെ ഹാസിറ പ്ലാന്റിനായി 60,000 കോടി രൂപയുടെ വിപുലീകരണ പദ്ധതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പദ്ധതി പ്രകാരം, പ്ലാന്റിന്റെ ശേഷി നിലവിലെ 9 മെട്രിക് ടണ്ണിൽ നിന്ന് 15 ദശലക്ഷം ടൺ (എംടി) ആയി ഉയർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ വളർച്ചാ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് കമ്പനിയുടെ വിപുലീകരണ പദ്ധതിയെന്നും. ആത്മനിർഭർ ഭാരത് പോലുള്ള സർക്കാർ സംരംഭങ്ങൾക്ക് അനുസൃതമായാണ് നിർദിഷ്ട വിപുലീകരണമെന്നും മിത്തൽ പറഞ്ഞു.
കമ്പനി വളരുന്നതിനനുസരിച്ച്, സ്‌പെഷ്യാലിറ്റി സ്റ്റീൽ പോർട്ട്‌ഫോളിയോ വിപുലീകരിക്കാനും ഓട്ടോമോട്ടീവ്, ഗതാഗതം, പുനരുപയോഗം തുടങ്ങിയ വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് പദ്ധതിയെന്ന് ചെയർമാൻ പറഞ്ഞു.
2017-ൽ അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തറക്കല്ലിട്ടിരുന്നു. 2026-ൽ സൂററ്റിനും ബിലിമോറയ്ക്കും ഇടയിലുള്ള 50 കിലോമീറ്റർ ഭാഗത്ത് രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഓടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതിക്കായി കമ്പനി സ്റ്റീൽ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.