മുംബൈ: കമ്പനിയുടെ ഗുജറാത്തിലെ ഹാസിറയിലുള്ള പ്ലാന്റിന്റെ ശേഷി വിപുലീകരിക്കാൻ പാരിസ്ഥിതിക അനുമതി ലഭിച്ചതായി ആർസലർ മിത്തൽ നിപ്പോൺ സ്റ്റീൽ ഇന്ത്യ (എഎം/എൻഎസ്) അറിയിച്ചു. ആർസെലർ മിത്തലും നിപ്പോൺ സ്റ്റീലും ചേർന്നുള്ള സംയുക്ത സംരംഭമാണ് എഎം/എൻഎസ്.
പ്ലാന്റിന് നിലവിൽ 9 ദശലക്ഷം ടൺ ക്രൂഡ് സ്റ്റീൽ ശേഷിയുണ്ട്. വിപുലീകരണത്തിലൂടെ ഇത് 15 എംടിപിഎ ആയി വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2030 ഓടെ ആഭ്യന്തര ശേഷി 300 എംടിപിഎ ആയി ഇരട്ടിയാക്കണമെന്ന് ആവശ്യപ്പെടുന്ന ഗവൺമെന്റിന്റെ ദേശീയ സ്റ്റീൽ നയത്തിന് ഇത് വലിയ ഉത്തേജനം നൽകുമെന്ന് സ്റ്റീൽ നിർമ്മാതാവ് പ്രസ്താവനയിൽ പറഞ്ഞു.
2019-ൽ കമ്പനി വിപണിയിൽ പ്രവേശിച്ചതിനുശേഷം ഹസീറ പ്ലാന്റിന്റെ പ്രകടനം ഗണ്യമായി മെച്ചപ്പെടുത്തുകയും ഇന്ത്യൻ സ്റ്റീൽ വ്യവസായത്തിന്റെ ഡീകാർബണൈസേഷനിലും വികസനത്തിലും ഒരു പ്രധാന പങ്ക് വഹിക്കാനുള്ള വ്യക്തമായ കാഴ്ചപ്പാട് രൂപീകരിക്കുകയും ചെയ്തതായി എഎം/എൻഎസ് ചെയർമാൻ ആദിത്യ മിത്തൽ പറഞ്ഞു.
ഉയർന്ന നിലവാരമുള്ള മൂല്യവർധിത സ്റ്റീൽ ഉൽപ്പാദിപ്പിക്കുന്നതിന് തങ്ങളെ പ്രാപ്തരാക്കുന്നതോടൊപ്പം തന്നെ, വളർന്നുവരുന്ന ആഭ്യന്തര വിപണിയിലെ ആവശ്യം നിറവേറ്റാൻ ഈ വിപുലീകരണം കമ്പനിക്ക് കരുത്ത് പകരുമെന്ന് ആർസെലർ മിത്തൽ നിപ്പോൺ സ്റ്റീൽ ഇന്ത്യ സിഇഒ ദിലീപ് ഉമ്മൻ പറഞ്ഞു.
ജപ്പാനിലെ നിപ്പോൺ സ്റ്റീൽ കോർപ്പറേഷൻ തങ്ങളുടെ ഹസീറ പ്ലാന്റിൽ 6 ദശലക്ഷം ടൺ ക്രൂഡ് സ്റ്റീൽ ഉൽപ്പാദനശേഷി വർദ്ധിപ്പിക്കുന്നതിന് 410 ബില്യൺ രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു. 2019-ൽ, നിപ്പോൺ സ്റ്റീലും ആർസെലർ മിത്തലും സംയുക്തമായി പാപ്പരായ എസ്സാർ സ്റ്റീലിനെ ഏറ്റെടുത്തിരുന്നു. കൂടാതെ ഓഗസ്റ്റിൽ, എസ്സാർ ഗ്രൂപ്പ് ചില തുറമുഖങ്ങളും പവർ ഇൻഫ്രാസ്ട്രക്ചറുകളും ആർസെലർ മിത്തൽ നിപ്പോൺ സ്റ്റീലിന് വിൽക്കുന്നതിനുള്ള 2.4 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചതായി പ്രഖ്യാപിച്ചിരുന്നു.