മുംബൈ: സ്റ്റീൽ നിർമ്മാണം ഡീകാർബണൈസ് ചെയ്യുന്നതിനായി മിത്‌സുബിഷി ഹെവി ഇൻഡസ്‌ട്രീസ് എഞ്ചിനീയറിംഗ് (MHIENG), ഗ്ലോബൽ റിസോഴ്‌സ് കമ്പനി, ബിഎച്ച്പി, മിത്‌സുബിഷി ഡെവലപ്മെന്റ് എന്നിവയുമായി ധനസഹായ കരാറിൽ ഏർപ്പെട്ട് പ്രമുഖ സ്റ്റീൽ നിർമ്മാതാക്കളായ ആർസെലർ മിത്തൽ.
കരാർ പ്രകാരം, മിത്‌സുബിഷി ഹെവി ഇൻഡസ്‌ട്രീസ് എഞ്ചിനീയറിംഗ് അതിന്റെ കാർബൺ ക്യാപ്‌ചർ സാങ്കേതികവിദ്യ ആർസെലർ മിത്തലുമായി പങ്കിടുകയും, പൂർണ്ണ തോതിലുള്ള വിന്യാസത്തിലേക്കുള്ള പുരോഗതിയെ പിന്തുണയ്ക്കുന്നതിനായി ഒരു സാധ്യത, ഡിസൈൻ പഠനം നടത്തുകയും ചെയ്യും.
പങ്കാളിത്തത്തിലൂടെയും സഹകരണത്തിലൂടെയും തങ്ങൾ CO2 ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് ആർസെലർ മിത്തൽ സിഇഒ മാൻബെർഗ് പറഞ്ഞു. അതേസമയം കമ്പനിയുടെ യൂറോപ്യൻ പ്രവർത്തനങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കളുടെ പ്രധാന വിതരണക്കാരായ ബിഎച്ച്പി, മിത്‌സുബിഷി ഡെവലപ്മെന്റ് എന്നിവ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന കമ്പനിയുടെ പരീക്ഷണങ്ങൾക്ക് ധനസഹായം നൽകും.
ഈ സഹകരണത്തോടെ, കാർബൺ ക്യാപ്‌ചർ, യൂട്ടിലൈസേഷൻ സാങ്കേതികവിദ്യകൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ തിരിച്ചറിയാൻ കമ്പനി ലക്ഷ്യമിടുന്നു. കൂടാതെ ഈ വർഷാവസാനം, കാർബൺ പിടിച്ചെടുക്കുകയും അവയെ എത്തനോൾ ആക്കി മാറ്റുകയും ചെയ്യുന്ന സ്റ്റീലനോൾ പദ്ധതി ആർസെലർ മിത്തൽ കമ്മീഷൻ ചെയ്യും.