ന്യൂഡല്‍ഹി: വിസിപിഎല്ലിന് നല്‍കിയ വാറന്റുകളില്‍ വ്യക്തത തേടി ന്യൂഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡിന്റെ (എന്‍ഡിടിവി) പ്രമോട്ടര്‍ ഗ്രൂപ്പായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് സെബിയെ (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) സമീപിച്ചു. വിസിപിഎല്ലിന് ഓഹരി നല്‍കുന്നതില്‍ പ്രമോട്ടര്‍മാരായ പ്രണോയ് റോയിയ്ക്കും രാധികാ റോയിയ്ക്കും എന്തെങ്കിലും തടസ്സമുണ്ടോ എന്നാണ് ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗിന് അറിയേണ്ടത്. ഓഹരി വിപണിയില്‍ ഇടപെടുന്നതില്‍ നിന്നും പ്രണോയ് റോയിയേയും രാധിക റോയിയേയും സെബി വിലക്കിയിരുന്നു.
ആ വിലക്ക് അദാനി ഗ്രൂപ്പിന് ഓഹരി നല്‍കുന്നതിന് തടസ്സം നില്‍ക്കുമോ എന്നാണ് പ്രണോയ് റോയ്ക്ക് അറിയേണ്ടത്. ഇക്കാര്യത്തില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ ആഭ്യന്തര കൂടിയാലോചന നടത്തിയെന്ന് മിന്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ന്യൂഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡിന്റെ (എന്‍ഡിടിവി) ഓഹരികള്‍, അദാനി ഗ്രൂപ്പിന്റെ വിസിപിഎല്ലിന് നല്‍കുന്നതില്‍ നിയമ തടസ്സമില്ലെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിഗമനം നടത്തിയതായും മിന്റ് റിപ്പോര്‍ട്ട് പറഞ്ഞു.
എന്‍ഡിടിവിയില്‍ പരോക്ഷമായി പങ്കാളിത്തം നേടിയ കാര്യം ഓഗസ്റ്റ് 23 നാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിക്കുന്നത്. ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗിന്റെ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ച്വറുകള്‍ ഏറ്റെടുത്തതോടെയാണ് അദാനിയുടെ വിശ്വപ്രധന്‍ എന്‍ഡിടിവിയില്‍ ഓഹരി പങ്കാളിത്തം നേടിയത്. എന്‍ഡിടിവിയുടെ 29..18 ശതമാനം സ്വന്തമായുള്ള ഗ്രൂപ്പാണ് ആര്‍ആര്‍പിആര്‍.
ആര്‍ആര്‍പിആറിന് നല്‍കിയ 404 കോടി രൂപയുടെ വായ്പയ്ക്ക് പകരമായാണ് വിശ്വപ്രധന്‍ കടപത്രങ്ങള്‍ സ്വന്തമാക്കിയത്. വിശ്വപ്രധനിലെ മുഴുവന്‍ ഓഹരികളും അദാനി ഗ്രൂപ്പിന്റെ മീഡിയ കമ്പനിയായ എഎംജി മീഡിയ നെറ്റ് വര്‍ക്ക് ഏറ്റെടുത്തിരുന്നു. ഇതോടെ ആര്‍ആര്‍പിആറിന്റെ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ച്വറുകള്‍ അദാനിയ്ക്ക് സ്വന്തമായി.
ഇന്‍സൈഡര്‍ ട്രേഡിംഗ് ഏര്‍പ്പെട്ടതിനാല്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ വിലക്കുണ്ടെന്നും അതുകൊണ്ടുതന്നെ ഓഹരി അദാനി ഗ്രൂപ്പിന് കൈമാറാന്‍ പ്രമോട്ടര്‍മാരായ പ്രണോയ് റോയിക്കും രാധിക റോയിക്കും കഴിയില്ലെന്നും എന്‍ഡിടിവി തടസ്സവാദമുന്നയിച്ചു.