
കുറഞ്ഞ പ്രീമിയത്തിൽ ജീവിത കാലം മുഴുവൻ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകർഷിച്ച ‘ആരോഗ്യ പ്ലസ്’ ഹെൽത്ത് പോളിസി പിൻവലിച്ചതായി എസ്ബിഐ ജനറൽ ഇൻഷുറൻസ് കമ്പനി പ്രഖ്യാപിച്ചു.
ഒക്ടോബർ അഞ്ച് മുതൽ പോളിസി നിലവിലുണ്ടാവില്ല. നിലവിലുള്ളവർക്ക് പുതുക്കാനും പുതിയവർക്ക് പോളിസി എടുക്കാനും കഴിയില്ല.
ഐആർഡിഎഐയുടെ മാനദണ്ഡപ്രകാരം പോളിസി പിൻവലിക്കുന്നതിന് 90 ദിവസം മുമ്പ് ഉപഭോക്താക്കളെ അറിയിക്കണമെന്നാണ് നിബന്ധന. അതുപ്രകാരമാണ് എസ്ബിഐ ഇൻഷുറൻസിന്റെ അറിയിപ്പ്.
നിശ്ചിത പരിരക്ഷ ഉറപ്പാക്കിക്കൊണ്ട് പ്രീമിയത്തിൽ വർഷംതോറും മാറ്റംവരുത്താതെ കുടുംബത്തിന് പരിരക്ഷ ഉറപ്പാക്കുന്നതായിരുന്നു ആരോഗ്യ പ്ലസ് പോളിസി. മുറി വാടകക്കോ പ്രായത്തിനോ അനുസരിച്ച് പരിധിയില്ലാതെയായിരുന്നു നിശ്ചിത പരിരക്ഷ ആരോഗ്യ പ്ലസ് വാഗ്ദാനം ചെയ്തിരുന്നത്.
അതുകൊണ്ടുതന്നെ പോളിസി വ്യാപകമായി വിറ്റഴിക്കപ്പെട്ടു. ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ മികച്ച രീതിയിൽ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് എസ്ബിഐ ജനറൽ ഇൻഷുറൻസ് പറയുന്നു.
ആരോഗ്യ പ്ലിസന്റെ റദ്ദാക്കൽ പ്രഖ്യാപിച്ചതിനാൽ എസ്ബിഐയുടെ തന്നെ മറ്റ് ഹെൽത്ത് പോളിസികളിലേക്ക് കൂടുമാറുക(മൈഗ്രേഷൻ) ആണ് ഒരുവഴി. നടപടിക്രമങ്ങൾ ലളിതമാണെന്നതാണ് ഇതിന്റെ പ്രത്യേകത.
ക്യുമുലേറ്റീവ് ബോണസ്, കാത്തിരിപ്പ് കാലയളവിലെ കുറയ്ക്കൽ എന്നീ ആനുകൂല്യങ്ങൾ അനവദിച്ചുതന്നേക്കാം.
ഉദാഹരണത്തിന്, നിലവിലുള്ള അസുഖങ്ങൾക്ക് പരിരക്ഷ ലഭിക്കാൻ പുതിയ പോളിസിയിൽ നാല് വർഷത്തെ കാത്തിരിപ്പ് കാലയളവുണ്ടാകുകയും നിലവിലെ പോളിസി രണ്ട് വർഷം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇനി രണ്ടുവർഷംകൂടി കാത്തിരുന്നാൽ മതിയാകും.
ആരോഗ്യ പ്ലസിന്റെ കാര്യത്തിൽ പോളിസിയുടെ കാലാവധി തീർന്നതിനുശേഷവും 30 ദിവസത്തെ മൈഗ്രേഷൻ ഗ്രേസ് പിരീഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഐആർഡിഎഐയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് മൈഗ്രേഷന് പ്രത്യേക ചാർജ് ഈടാക്കാൻ പിടില്ല. അതേസമയം, പുതിയ പോളിസിക്ക് ബാധകമായ ഉയർന്ന പ്രീമിയം ഉപഭോക്താവ് നൽകേണ്ടിവരും.
മറ്റ് ഇൻഷുറൻസ് കമ്പനികളുടെ പോളിസികളിലേക്ക് പോർട്ട് ചെയ്യാനും അവസരമുണ്ട്. പോളിസി വാഗ്ദാനം ചെയ്യുന്ന പരിരക്ഷയും പ്രീമിയവും വിലയിരുത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കാം.
പോർട്ട് ചെയ്യാനായി പോളിസി രേഖകളുമായി പുതിയ കമ്പനിയെയാണ് സമീപിക്കേണ്ടത്.
മൈഗ്രേഷനിൽ ലഭിക്കുന്നതുപോലെ കാത്തിരിപ്പ് കാലയളവിലും ബോണസിലും സമാനമായ ആനുകൂല്യം ഇവിടെയും ലഭിക്കും.
പോളിസി കാലാവധി കഴിയുന്നതിന് രണ്ട് മാസം മുമ്പെങ്കിലും പുതിയ കമ്പനിയെ അതിനായി സമീപിക്കേണ്ടിവരും.