നിർമിത ബുദ്ധി (എഐ) മേഖലയിൽ സഹകരിക്കാൻ ഇൻഫോസിസും മൈക്രോസോഫ്റ്റും ധാരണയായി.
ഇൻഫിയുടെ എഐ വിഭാഗമായ ടോപാസ് മൈക്രോസോഫ്റ്റിന്റെ അഷ്വർ ഓപ്പൺ എഐ സർവീസ്, അഷ്വർ കോഗ്നിറ്റീവ് സർവീസസ് എന്നിവയുമായി ചേർന്ന് എല്ലാ മേഖലകളിലേക്കുമുള്ള എഐ സേവനങ്ങൾ ആഗോള വിപണിക്കു നൽകാൻ ഇനി ഒരുമിച്ചു പ്രവർത്തിക്കും.
ഡേറ്റയുടെയും എഐയുടെയും ജനാധിപത്യവൽക്കരണവും വരുമാനവർധനയും ഉയർന്ന ഉൽപാദനക്ഷമതയുമുൾപ്പെടെ വിപ്ലവകരമായ മാറ്റങ്ങൾ അതിവേഗം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോള ഐടി വമ്പൻമാർ കൈകോർക്കുന്നത്.
ടോപാസിന് ഇനി അഷ്വർ ഓപ്പൺ എഐയുടെയും അഷ്വർ കോഗ്നിറ്റീവ് സർവീസസിന്റെ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാനാകും.
എഐ രംഗത്തെ സഹകരണത്തിന് ആഗോള എഐ, ചിപ് നിർമാണ വമ്പൻ എൻവിഡിയയുമായി ടാറ്റയും റിലയൻസും കഴിഞ്ഞ ദിവസം കരാറായിരുന്നു.
എഐ അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം വ്യാപകമാക്കുകയാണ് വിദേശകമ്പനികളുമായുള്ള പങ്കാളിത്തത്തിന്റെ ലക്ഷ്യം.
മൈക്രോസോഫ്റ്റും ഇൻഫോസിസും കൂടി സഹകരണവുമായി എത്തുമ്പോൾ രാജ്യത്തെ എഐ വിപ്ലവത്തിന്റെ വേഗം കൂടും.