
ന്യൂഡല്‍ഹി: ഡി ലിങ്ക് ഇന്ത്യ കമ്പനി ഓഹരി തന്റെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കയാണ് പ്രമുഖ നിക്ഷേപകന്‍ ആശിഷ് കച്ചോലിയ. സെപ്തംബറിലവസാനിച്ച പാദത്തിലെ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം കമ്പനിയുടെ 11,86,350 എണ്ണം അഥവാ 3.34 ശതമാനം ഓഹരികളാണ് കച്ചോലിയയുടെ പക്കലുള്ളത്. ജൂണിലവസാനിച്ച പാദത്തില്‍ സ്‌റ്റോക്കില്‍ അദ്ദേഹത്തിന് നിക്ഷേപമുണ്ടായിരുന്നില്ല.
ഉപഭോക്താക്കള്‍, ചെറുകിട ബിസിനസുകള്‍, ഇടത്തരം മുതല്‍ വലിയ വലിപ്പമുള്ള സംരംഭങ്ങള്‍, സേവന ദാതാക്കള്‍ എന്നിവര്‍ക്കായി നെറ്റ്വര്‍ക്കിംഗ്, കണക്റ്റിവിറ്റി ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയുമാണ് ഡി ലിങ്ക് ചെയ്യുന്നത്. ഈ രംഗത്ത് ആഗോള ലീഡറാണ് കമ്പനി. 2022 ല്‍ ഇതുവരെ 34 ശതമാനം ഉയരാന്‍ കമ്പനി സ്റ്റോക്കിനായിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടം 74 ശതമാനം. നിലവില്‍ 39 സ്റ്റോക്കുകളിലാണ് കച്ചോലിയയ്ക്ക് നിക്ഷേപമുള്ളത്. ട്രെന്‍ലൈന്‍ ഡാറ്റ പ്രകാരം 1838.9 കോടി രൂപയുടെ മൂല്യമാണ് നിക്ഷേപത്തിനുള്ളത്.