മുംബൈ: പൊതുഗതാഗത മേഖലയിലേക്ക് ഇലക്ട്രിക് വാഹനങ്ങളുടെ വരവ് ഉയര്ന്നതോടെ കൂടുതല് കാര്യക്ഷമതയുള്ള വാഹനങ്ങളാണ് ഇപ്പോള് നിരത്തുകളില് എത്തുന്നത്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സിറ്റി സര്വീസുകള്ക്കായി ഇലക്ട്രിക്ക് ബസുകളാണ് ഇറക്കിയിരിക്കുന്നത്. ഈ സഹചര്യത്തില് ഇലക്ട്രിക് ബസുകളുടെ നിര്മാണം കൂടുതല് കാര്യക്ഷമമാക്കുന്നതിനായി വലിയ നിക്ഷേപത്തിനൊരുങ്ങുകയാണ് ഇന്ത്യയിലെ മുന് നിര വാണിജ്യ വാഹന കമ്പനിയായ ലെയ്ലാന്ഡ്.
അശോക് ലെയ്ലാന്ഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റിയിലാണ് മാതൃകമ്പനി 1200 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന് ഭരണസമിതി അംഗീകാരം നല്കിയിട്ടുള്ളത്. ഇന്ത്യയിലെയും യു.കെയിലേയും നിര്മാണ പ്രവര്ത്തനങ്ങള്,
റിസേര്ച്ച് ആന്ഡ് ഡെവലപ്പ്മെന്റ് തുടങ്ങിയവയുടെ വികസനത്തിനായാണ് 1200 കോടി രൂപയുടെ നിക്ഷേപം എത്തുന്നതെന്നാണ് റിപ്പോര്ട്ടുകള്. കഴിഞ്ഞ ദിവസം ചേര്ന്ന ഡയറക്ടര് ബോര്ഡിലാണ് ഇതിന് അംഗീകാരം ലഭിച്ചത്.
സ്വിച്ച് മൊബിലിറ്റിയുടെ ഇ1 എന്ന 12 മീറ്റര് ബസ് 2024-ല് പുറത്തിറക്കാനാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. എന്നാല്, യൂറോപ്യന് വിപണിക്കായി പ്രത്യേകം ഡിസൈന് ചെയ്ത വാഹനമായിരിക്കും ഇ1 എന്നാണ് റിപ്പോര്ട്ടുകള്.
ബസുകള് ഉള്പ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങള്ക്ക് മികച്ച ഭാവിയാണ് മുന്നിലുള്ളത്. സ്വിച്ച് മൊബിലിറ്റി കൈവരിച്ച നേട്ടങ്ങള് ശുഭസൂചകങ്ങളാണ്. കമ്പനിയുടെ വികസനത്തിനായി തുടര്ന്നും കൂടുതല് നിക്ഷേപങ്ങള് എത്തിക്കുമെന്നാണ് ഡയറക്ടര് ബോര്ഡ് തീരുമാനം.
ഇലക്രിക് ഹെവി വാഹനങ്ങളില് വലിയ മുന്നേറ്റമുണ്ടാക്കാന് സ്വിച്ച് മൊബിലിറ്റിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷമാണ് സ്വിച്ചിന്റെ ഡബ്ബിള് ഡക്കര് ബസ് പുറത്തിറക്കിയത്. ഇ.ഐ.വി.22 എന്ന പേരിലാണ് ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് ഡബിള് ഡക്കര് ബസ് എത്തിയത്.
ഇ.ഐ.വി.12 എന്ന പേരിലാണ് ഇലക്ട്രിക് സിംഗിള് ഡക്കര് ബസ് എത്തിയത്. EiV12 ബസിന്റെ പ്ലാറ്റ്ഫോം തന്നെയാണ് ഡബ്ബിള് ഡെക്കര് മോഡലിലും ഉപയോഗിച്ചിട്ടുള്ളത്. 650 വി ആര്ക്കിടെക്ചറിലാണ് ഡബ്ബിള് ഡക്കര് ബസ് ഒരുക്കിയിരിക്കുന്നത്.
65 സീറ്റുകളാണ് ഈ ബസിനുള്ളില് ഒരുക്കിയിരിക്കുന്നത്. വളരെ കനം കുറഞ്ഞ കുഷ്യനിലാണ് സീറ്റുകള് ഒരുക്കിയിരിക്കുന്നത്. കാറില് യാത്ര ചെയ്യുന്നതിന് സമാനമായ യാത്ര അനുഭവമാണ് ഈ വാഹനത്തിന് നിര്മാതാക്കള് ഉറപ്പുനല്കുന്നത്.
231 kWh കപ്പാസിറ്റിയുള്ള ടൂ സ്ട്രിങ്ങ് ലിക്വിഡ് കൂള്ഡ് ഹയര് ഡെന്സിറ്റി എന്.എം.സി. ബാറ്ററി പാക്കും ഡ്യുവല് ഗണ് ചാര്ജിങ്ങ് സംവിധാനവുമാണ് ഇതില് നല്കിയിട്ടുള്ളത്.
ഒറ്റത്തവണ ചാര്ജ് ചെയ്താല് 250 കിലോമീറ്റര് വരെ യാത്ര ചെയ്യാനുമാകും.