മുംബൈ: അശോക് ലെയ്‌ലാൻഡിന്റെ ഇലക്ട്രിക് ബസ് നിർമ്മാണ ഉപകമ്പനിയായ സ്വിച്ച് മൊബിലിറ്റിയും ട്രാൻസ്‌പോർട്ട്-ടെക്‌നോളജി സ്റ്റാർട്ടപ്പായ ചാലോയും 8,000 കോടി രൂപയുടെ ഇടപാടിൽ 5,000 ഇലക്ട്രിക് ബസുകൾ വിന്യസിക്കാൻ കൈകോർത്തു, ഇത് ഇതുവരെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഇടപാടായി കണക്കാക്കപ്പെടുന്നു. ഇതിനായി മൂന്ന് വർഷത്തേക്കുള്ള ധാരണാപത്രം (എംഒയു) ഇരു കമ്പനികളും തമ്മിൽ ഒപ്പുവച്ചു.
കുറഞ്ഞത് 30 സീറ്റുകളുള്ള ബസുകളിൽ, മറ്റ് സവിശേഷതകൾക്കൊപ്പം റിക്ലൈനർ സീറ്റുകളും എയർ കണ്ടീഷനിംഗും ഉണ്ടായിരിക്കും. കരാർ പ്രകാരം ഇവ മെട്രോകളിലും മറ്റ് നഗരങ്ങളിലുമായി വിന്യസിക്കും. ജൂണിൽ, സ്വിച്ച് മൊബിലിറ്റി 35-45 സീറ്റുള്ള സ്വിച്ച് EiV 12 പ്രദർശിപ്പിച്ചിരുന്നു, ഇതിന് 300 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും 1.5-3 മണിക്കൂർ ഫാസ്റ്റ് ചാർജിംഗ് ശേഷിയുമുണ്ട്.
ഈ പങ്കാളിത്തത്തിന് കീഴിൽ അശോക് ലെയ്‌ലാൻഡിന്റെ അനുബന്ധ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റി ഇന്ത്യ ഈ ബസുകൾ സ്വന്തമാക്കുകയും അവ വാടക അടിസ്ഥാനത്തിലോ ഗ്രോസ് കോസ്റ്റ് കരാറിലോ (ജിസിസി) ചാലോയ്ക്ക് നൽകുകയും ചെയ്യും. സ്വിച്ച് ബസിനായി നിക്ഷേപിക്കുകയും അത് പരിപാലിക്കുകയും ചെയ്യുമ്പോൾ ചലോ ഉപഭോക്തൃ അനുഭവം, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, ഡ്രൈവർമാർ, ഐടി, കണക്റ്റിവിറ്റി എന്നിവയിൽ നിക്ഷേപിക്കും.
സ്വിച്ചിനും ചലോയ്ക്കും വരുമാനം പങ്കിടൽ മാതൃകയുണ്ടെന്ന് രണ്ട് കമ്പനികളും അറിയിച്ചു. സഹകരണത്തിന് കീഴിൽ ചലോ തത്സമയ ബസ് ട്രാക്കിംഗ്, ഡിജിറ്റൽ ടിക്കറ്റുകൾ, യാത്രാ പദ്ധതികൾ തുടങ്ങിയ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ചലോ ആപ്പ്, ചലോ കാർഡ് തുടങ്ങിയ ഉപഭോക്തൃ സാങ്കേതിക പരിഹാരങ്ങൾ വിന്യസിക്കും. കൂടാതെ റൂട്ടുകൾ, ഷെഡ്യൂളുകൾ, നിരക്കുകൾ എന്നിവയും സ്റ്റാർട്ടപ്പ് നിർണ്ണയിക്കും.
2014 ൽ പ്രവർത്തനം ആരംഭിച്ച ചലോ രാജ്യത്തെ ഏറ്റവും വലിയ ടെക് അധിഷ്‌ഠിത സ്വകാര്യ ബസ് ഓപ്പറേറ്റർമാരിൽ ഒരാളാണെന്ന് അവകാശപ്പെടുന്നു.