ഡൽഹി: ഏഷ്യൻ പെയിന്റ്സിന്റെ ഏകീകൃത അറ്റാദായം ജൂൺ പാദത്തിൽ 78.9 ശതമാനം ഉയർന്ന് 1,016.93 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 568.50 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 5,534.87 കോടി രൂപയെ അപേക്ഷിച്ച് ഈ പാദത്തിലെ കമ്പനിയുടെ ഏകീകൃത വിൽപ്പന 55 ശതമാനം ഉയർന്ന് 8,578.88 കോടി രൂപയായി. അസാധാരണമായ ഇനങ്ങൾക്കും നികുതിക്കും മുമ്പുള്ള ലാഭം 83.8 ശതമാനം വർധിച്ച് 778.58 കോടി രൂപയിൽ നിന്ന് 1,430.83 കോടി രൂപയായി.
ഈ പാദത്തിൽ ആഭ്യന്തര അലങ്കാര ബിസിനസ്സിന് മികച്ച ഉപഭോക്തൃ ഡിമാൻഡ് അനുഭവപ്പെട്ടതായും അതിനാൽ ശക്തമായ വരുമാന വളർച്ച രേഖപ്പെടുത്തിയതായും കമ്പനി അറിയിച്ചു. ഈ പാദത്തിൽ കമ്പനി രജിസ്റ്റർ ചെയ്ത വോളിയം വളർച്ച കഴിഞ്ഞ ആറ് പാദങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ചയാണ്. കൂടാതെ ബിസിനസ് വോളിയത്തിലും മൂല്യത്തിലും ശക്തമായ 4 വർഷത്തെ സംയുക്ത വളർച്ചയും ഏഷ്യൻ പെയിന്റ്സ് രേഖപ്പെടുത്തി. പ്രസ്തുത പാദത്തിൽ ബാത്ത് ഫിറ്റിംഗ്സ് ബിസിനസ്സിനിൽ നിന്നുള്ള വിൽപ്പന 117.99 കോടി രൂപയായിരുന്നപ്പോൾ, കിച്ചൻസ് ബിസിനസ്സിന്റെ വിൽപ്പന 109.04 കോടി രൂപയായിരുന്നു.