ന്യൂഡല്‍ഹി: നിരക്ക് വര്‍ധനവ് മിതമായ തോതില്‍ മതിയെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കയാണ് വ്യവസായ സംഘടന അസോചം(അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ). നിരക്ക് പരിഷ്‌ക്കരണത്തിനായി മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) അടുത്തയാഴ്ച യോഗം ചേരുകയാണ്. ഈ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.
ഇലക്ട്രിക് വാഹന വായ്പകള്‍ക്ക് മുന്‍ഗണ നല്‍കണമെന്നും സംഘടന ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യോട് അഭ്യര്‍ത്ഥിച്ചു.പകര്‍ച്ചവ്യാധിയ്ക്ക് ശേഷമുള്ള സാമ്പത്തിക വീണ്ടെടുപ്പിലാണ് രാജ്യം. അതിന് സഹായകരമായ വായ്പാ പദ്ധതിയാണ് വേണ്ടത്.
അല്ലാത്ത പക്ഷം പ്രതികൂലവും ആനുപാതികമല്ലാത്തതുമായ സ്വാധീനം രൂപപ്പെടും.25-35 ബേസിസ് പോയിന്റ് വര്‍ദ്ധനവാണ് അഭികാമ്യമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിനയച്ച കത്തില്‍ അസോചം പറയുന്നു. .പുനരുപയോഗിക്കാവുന്ന പ്രോജക്റ്റുകള്‍ക്ക് കുറഞ്ഞ ചെലവിലുള്ള ഫണ്ടുകള്‍ ലഭ്യമാക്കണം എന്നതാണ് മറ്റൊരു നിര്‍ദ്ദേശം.
ഇതിനായി പ്രത്യേക ജാലകം തുറക്കണം. ഇവി (ഇലക്്‌ട്രോണിക് വെഹിക്കിള്‍) വാങ്ങുന്നതിനുള്ള ചെറുകിട വായ്പകളെ മുന്‍ഗണന വിഭാഗത്തില്‍ പെടുത്തണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചു. നേരത്തെ സിഐഐ(കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്ഡസ്ട്രി) യും മിതമായ നിരക്ക് വര്‍ദ്ധനയ്ക്ക് വേണ്ടി വാദിച്ചിരുന്നു.
പലിശനിരക്ക് വര്‍ദ്ധനവിന്റെ വേഗത കുറയ്ക്കണമെന്നും സംഘടന കേന്ദ്രബാങ്കിനോടാവശ്യപ്പെട്ടു. രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍ 2022) 2,000ത്തോളം കമ്പനികളുടെ പാദഫല പ്രകടനം മോശമായതായി സിഐഐ നിരീക്ഷിക്കുന്നു. ഈ മാസം 7 നാണ് നിരക്ക് വര്‍ധനവ് സംബന്ധിച്ച പ്രഖ്യാപനം കേന്ദ്രബാങ്ക് നടത്തുക.