ഹൈദരാബാദ്: ഇന്ത്യൻ പ്രവർത്തനങ്ങൾക്കായി സ്വകാര്യ ഇക്വിറ്റി നിക്ഷേപം തേടാൻ പദ്ധതിയിടുന്നതായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. “കഴിഞ്ഞ ആറ് മാസമായി നിക്ഷേപകരിൽ നിന്ന് വലിയ തോതിലുള്ള താല്‍പ്പര്യം പ്രകടമാകുന്നുണ്ട്; ഇപ്പോൾ അത് വർദ്ധിച്ചു,” ഇക്ണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ജിസിസി രാഷ്ട്രങ്ങളിലെ തങ്ങളുടെ ബിസിനസിന്‍റെ വില്‍പ്പന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ആസ്‍റ്റര്‍ തങ്ങളുടെ ഇന്ത്യന്‍ പദ്ധതികള്‍ കൂടുതല്‍ സജീവമാക്കുക.
തങ്ങളുടെ പദ്ധതികളുമായി ചേര്‍ന്നുപോകുന്ന മികച്ച നിക്ഷേപകനെ അല്ലെങ്കില്‍ സ്വകാര്യ ഇക്വിറ്റിയെ ആണ് പരിഗണിക്കുക എന്ന് ആസാദ് മൂപ്പന്‍ പറയുന്നു.
യുഎഇ ആസ്ഥാനമായുള്ള ഫജർ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് 1 ബില്യൺ ഡോളറിന് ജിസിസി രാജ്യങ്ങളിലെ ബിസിനസ്സ് വിൽക്കുന്നതിനും കമ്പനിയുടെ ബോർഡ് ഈ ആഴ്ച ആദ്യം അംഗീകാരം നൽകിയിരുന്നു. ഈ സാമ്പത്തിക വർഷം അവസാനത്തോടെ ഇടപാട് പൂർത്തിയാകുമെന്ന് മൂപ്പൻ പറഞ്ഞു.
ജിസിസി ബിസിനസിന്‍റെ വേർപെടുത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം, തങ്ങളുടെ ഇന്ത്യൻ വിഭാഗത്തോടുള്ള നിക്ഷേപകരുടെ താല്‍പ്പര്യം വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ വിപണിയില്‍ കൂടുതല്‍ മികച്ച വളര്‍ച്ചാ സാധ്യതയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
സംയോജിത ബാലന്‍സ് ഷീറ്റില്‍ പ്രകടമായിരുന്ന കടത്തിന്‍റെ വലിയൊരു അളവ് ജിസിസി ബിസിനസ് വില്‍പ്പനയിലൂടെ ഇല്ലാതാകുകയാണ്. ഇന്ത്യന്‍ ബിസിനസിന്‍റെ കടം വളരെ കുറവാണ്.
ഇത് ഒരു വര്‍ഷത്തെ എബിറ്റ്ഡ തുകയോളം ചെറുതാണ്. അതിനാല്‍ ഇന്ത്യയില്‍ തങ്ങളുടെ വിപുലീകരണത്തിനായി ബാങ്കുകളില്‍ നിന്ന് ഫണ്ട് ലഭിക്കുന്നത് പ്രയാസകരമാകില്ലെന്നും ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ക്കുന്നു.
അടുത്ത മൂന്ന് വര്‍ഷത്തേക്ക് ആവശ്യമായ ഫണ്ട് വില്‍പ്പനയില്‍ നിന്നും ആന്തരിക സമാഹരണത്തില്‍ നിന്നും കണ്ടെത്തും.
19 ആശുപത്രികൾ, 13 ക്ലിനിക്കുകൾ, 226 ഫാർമസികൾ, 251 പേഷ്യന്റ് എക്സ്പീരിയൻസ് സെന്ററുകൾ എന്നിവയിലൂടെ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ വിപുലമായ സാന്നിധ്യം ആസ്റ്ററിനുണ്ട്.