മലയാളിയായ ഡോ. ആസാദ് മൂപ്പൻ (Dr. Azad Moopen) നയിക്കുന്ന പ്രമുഖ ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ (Aster DM Healthcare), യുഎസ് നിക്ഷേപസ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന് (Blackstone) മുഖ്യ ഓഹരി പങ്കാളിത്തമുള്ള ക്വാളിറ്റി കെയറുമായി (QCIL-Quality Care India Limited) ലയനം പ്രഖ്യാപിച്ചു.
പരസ്പരമുള്ള ഓഹരിവച്ചുമാറ്റം (ഷെയർ സ്വാപ്പിങ്) വഴിയായിരിക്കും ലയനം. ബ്ലാക്ക്സ്റ്റോണിന് 73% ഓഹരികളുള്ള സ്ഥാപനമാണ് ക്വാളിറ്റി കെയർ. ലയിച്ചുണ്ടാകുന്ന കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളിലൊന്നായിരിക്കും.
ലയനാനന്തരം കമ്പനിക്ക് ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ’ (Aster DM Quality Care) എന്നായിരിക്കും പേരെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ വ്യക്തമാക്കി.
7,314 കോടി രൂപയായിരിക്കും ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിന്റെ സംയോജിത വരുമാനം. 27 നഗരങ്ങളിലായുള്ള 38 ആശുപത്രികളിലായി 10,150ലേറെ കിടക്കകളോടെയാണ് ഇന്ത്യയിലെ ടോപ് 3 ആശുപത്രി ശൃംഖലകളിലൊന്നായി ലയനാനന്തരം ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ മാറുക.
ലയനത്തിന്റെ ഭാഗമായി ആസ്റ്റർ ആസ്ഥാനം കർണാടകയിൽ നിന്ന് ആന്ധ്രയിലേക്കും മാറ്റും.
ഓഹരി കൈമാറ്റം ഇങ്ങനെ
ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽ, കേരളത്തിലെ കിംസ് (KIMS) ആശുപത്രി എന്നിവയുടെ ഉടമകളാണ് ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ്. ലയനത്തിന്റെ ഭാഗമായി ബ്ലാക്ക്സ്റ്റോണിൽ നിന്ന് ക്വാളിറ്റി കെയറിന്റെ 1.90 കോടി ഓഹരികൾ ആസ്റ്റർ ഓഹരിക്ക് 445.8 രൂപയ്ക്ക് വീതം ഏറ്റെടുക്കും.
പകരം, ആസ്റ്ററിന്റെ 1.86 കോടി ഓഹരികൾ ഒന്നിന് 456.33 രൂപയ്ക്ക് വീതവും നൽകും.
ലയിച്ചുണ്ടാകുന്ന ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിന്റെ മാനേജ്മെന്റ് ചുമതലകൾ കൈകാര്യം ചെയ്യുക ആസ്റ്റർ, ബ്ലാക്ക്സ്റ്റോൺ പ്രതിനിധികളായിരിക്കും.
ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിൽ 30.7% ഓഹരി പങ്കാളിത്തവുമായി ഏറ്റവും വലിയ ഓഹരിയുടമകൾ ബ്ലാക്ക്സ്റ്റോൺ ആയിരിക്കും. ഡോ. ആസാദ് മൂപ്പൻ ഉൾപ്പെടെ ആസ്റ്ററിന്റെ പ്രൊമോട്ടർമാർക്ക് 24% ഓഹരിപങ്കാളിത്തം ലഭിക്കും. ബാക്കി ഓഹരികൾ മറ്റ് നിക്ഷേപകർക്കും പൊതു ഓഹരി ഉടമകൾക്കുമായിരിക്കും.
ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിന്റെ എക്സിക്യുട്ടീവ് ചെയർമാൻ പദവി ഡോ. ആസാദ് മൂപ്പൻ വഹിക്കും. നിലവിൽ ക്വാളിറ്റി കെയർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും സിഇഒയുമായ വരുൺ ഖന്ന പുതിയ കമ്പനിയുടെ എംഡി ആൻഡ് സിഇഒയാകും.
1987ൽ ഡോ. ആസാദ് മൂപ്പൻ ഒരു ചെറിയ ക്ലിനിക്കായി ദുബായിയിൽ ആരംഭിച്ച സംരംഭമാണ് ഇന്ത്യയിലും ഗൾഫ് രാഷ്ട്രങ്ങളിലും വിപുലമായ ശൃംഖലയുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ആയി വളർന്നത്. കഴിഞ്ഞവർഷം നവംബറിൽ ആസ്റ്റർ ഇന്ത്യയിലെയും ഗൾഫ് (ജിസിസി) രാജ്യങ്ങളിലെയും ബിസിനസ് പ്രവർത്തനങ്ങൾ വിഭജിച്ചിരുന്നു.
നിലവിൽ ഇന്ത്യയിൽ 5 സംസ്ഥാനങ്ങളിലായി 19 ഹോസ്പിറ്റലുകൾ, 13 ക്ലിനിക്കുകൾ, 212 ഫാർമസികൾ, 232 ലാബുകൾ എന്നിവ ആസ്റ്റിറിനുണ്ട്. നിലവിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിൽ 42 ശതമാനമാണ് ഡോ. ആസാദ് മൂപ്പന്റെയും കുടുംബത്തിന്റെയും ഓഹരി പങ്കാളിത്തം.
കഴിഞ്ഞവർഷം ഒക്ടോബറിലാണ് കിംസ് ഹോസ്പിറ്റലിനെ 3,300 കോടിയോളം രൂപയ്ക്ക് ബ്ലാക്ക്സ്റ്റോൺ ഏറ്റെടുത്തത്.